'സംഘർഷ സാധ്യത'; പാനൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

Update: 2024-04-10 08:45 GMT

പാനൂരിലെ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഫോടനത്തിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പൊലീസ്.

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകിയാൽ സംഘർഷ സാധ്യതയുണ്ടെന്നും മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായ പ്രദേശത്ത് വീണ്ടും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാനിടയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

പിന്നിൽ ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള തർക്കമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലും പൊലീസ് ആവര്‍ത്തിക്കുന്നത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ബോംബ് നിര്‍മിച്ചതെന്നും ഇരു ക്രിമിനൽ സംഘങ്ങളിലും സിപിഎം, ആർഎസ്എസ് അനുഭാവികളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോംബ് നിര്‍മിക്കാൻ രാഷ്ട്രീയ പിന്തുണ ഇവർക്ക് കിട്ടിയോ എന്നറിയാൻ കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട്‌ പറയുന്നത്. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂർ കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്‍റെ പിടിയിലായി. പന്ത്രണ്ട് പ്രതികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമൽപേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.panoor bomb blast case police against giving bail

Tags:    

Similar News