യൂസ്‌ഡ് കാർ തട്ടിപ്പ്; കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതി: ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
പരാതി കൊടുത്തിട്ടും കേസെടുക്കാത്തതിനും അന്വേഷണം നടത്താത്തതിനും പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പാലാരിവട്ടം ഇൻസ്പെക്ടർ ജോസഫ് സാജനെയാണ് സസ്പെൻഡ് ചെയ്തത്. യൂസ്‌ഡ് കാർ തട്ടിപ്പുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ ജോസഫ് സാജൻ കൃത്യമായി കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഇൻസ്പെക്ടർ ഗുരുതരമായ കൃത്യവിലോപം വരുത്തിയതായി ഡിസിപി വിലയിരുത്തി.
എ.ബി. കാർസ് എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാരിവട്ടം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ജോസഫ് സാജൻ കേസ് റജിസ്റ്റര്‍ ചെയ്തില്ല. പിന്നീട് ഡിസിപി ഇടപെട്ടാണു പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തിയതും.
സ്ഥാപനത്തിന്റെ ഉടമയായ അമൽ, കാർ വിൽപനയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ജോസഫ് സാജന് ആരോപണവിധേയനായ അമലുമായി മുൻപരിചയമുണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇതാണ് കേസെടുക്കാതിരുന്നതിന്റെ കാരണമെന്നാണു വിലയിരുത്തൽ. ഇതിനു പിന്നാലെയാണ് ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.