ഇ.പി ജയരാജൻ അല്ല സിപിഎമ്മിലേക്ക് ക്ഷണിച്ച നേതാവ്; ദല്ലാൾ നന്ദകുമാർ തന്നെ വിളിച്ചപ്പോൾ താൻ പ്രതികരിച്ചിട്ടില്ല: പത്മജ

Update: 2024-03-13 06:54 GMT

സിപിഎമ്മിലേക്ക് ക്ഷണിച്ച നേതാവ് ഇ.പി ജയരാജനാണെന്ന ദല്ലാൾ നന്ദകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ പത്മജ വേണുഗോപാൽ. തന്നെ സിപിഎമ്മിലേക്കു ക്ഷണിച്ചത് ഇ.പി. ജയരാജനല്ല. ദല്ലാൾ നന്ദകുമാർ തന്നെ വിളിച്ചപ്പോൾ താൻ പ്രതികരിച്ചിട്ടില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.

‘‘ദല്ലാൾ നന്ദകുമാറൊന്നും എന്നോട് സംസാരിച്ചിട്ടില്ല. അല്ലാത്ത ഒന്നു രണ്ടു മുതിർന്ന നേതാക്കളാണ് സിപിഎമ്മിലേക്കു ക്ഷണിച്ചത്. ദല്ലാൾ നന്ദകുമാർ വിളിച്ചപ്പോൾ ഞാൻ അതിനോട് പ്രതികരിച്ചില്ല. മുതർന്ന സിപിഎം നേതാക്കൾ വിളിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ, അവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നതിനാൽ തത്കാലം പേര് പരാമർശിക്കുന്നില്ല.

സ്ഥാനം നോക്കിയല്ല ഞാൻ ഒരു പാർട്ടിയിലേക്കും പോയത്. നന്ദകുമാർ വിളിച്ചപ്പോൾ പിന്നീട് സംസാരിക്കാം എന്നു മാത്രമാണ് പറഞ്ഞത്. ഇപി ഒരിക്കലും എന്നെ വിളിച്ചിട്ടില്ല.’’– പത്മജ വേണുഗോപാൽ വ്യക്തമാക്കി. അതേസമയം നന്ദകുമാറിന് മറുപടി അർഹിക്കുന്നില്ലെന്ന് ഇ.പി. ജയരാജനും പറഞ്ഞു. 

പത്മജയെ സിപിഎമ്മിലേക്കു ക്ഷണിച്ചത് എൽഡിഎഫ് കൺവീനര്‍ ഇ.പി. ജയരാജനായിരുന്നു എന്നാ ദല്ലാൾ നന്ദകുമാർ പറഞ്ഞത്. ഇ.പി. ജയരാജന്‍ തന്റെ ഫോണിൽ നിന്നാണ് പത്മജയെ വിളിച്ചത്. വനിതാ കമ്മിഷൻ അധ്യക്ഷ പദവിയായിരുന്നു വാഗ്ദാനം ചെയ്തത്. തിരഞ്ഞെടുപ്പിലൂടെ അല്ലാതെയുള്ള സൂപ്പർ പദവിയായിരുന്നു പത്മജയുടെ ലക്ഷ്യമെന്നും ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി.  

‘‘തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ എല്ലാ കോൺഗ്രസ് നേതാക്കളും നിയോജകമണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ പത്മജ വേണുഗോപാല്‍ ദുബായിലായിരുന്നു.  ആ സമയത്താണ് ഇ.പി. ജയരാജൻ പത്മജയോട് സംസാരിക്കാൻ പറഞ്ഞത്.  ആദ്യം ആവശ്യപ്പെട്ടത് അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭാര്യക്കെതിരായി വന്ന വിഡിയോ കമന്‍റിനെതിരെ പ്രതികരിക്കാൻ ആണ്, അത് പത്മജ ചെയ്തു.

പത്രങ്ങളിലും ഇതിന്‍റെ വാര്‍ത്ത വന്നിരുന്നു, എല്‍ഡിഎഫിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി പത്മജ  വേണുഗോപാലിനെ പരിഗണിക്കാനുള്ള മാര്‍ഗങ്ങള്‍ ഇടതുമുന്നണി കണ്ടെത്തി, പക്ഷേ, ആ പൊസിഷൻ അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല, അവരൊരു സൂപ്പര്‍ പൊസിഷനാണ് ഉദ്ദേശിച്ചിരുന്നത്, വനിതാ കമ്മിഷൻ പോലൊരു പൊസിഷൻ പോര എന്നവര്‍ക്ക് തോന്നിക്കാണും. പ്രതീക്ഷിച്ചതു കിട്ടാത്തതിനാലാണ് അവർ വരാതിരുന്നത്.’’– ദല്ലാൾ നന്ദകുമാർ പറഞ്ഞു 

Tags:    

Similar News