ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, എന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും; പദ്മജ വേണുഗോപാൽ
കോൺഗ്രസ് നേതാക്കൾക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പദ്മജ പറഞ്ഞു. ഒരു മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അവർ. തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവം മുമ്പ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അവിടെ എത്തുമ്പോൾ മുരളിയേട്ടന് മനസ്സിലാകുമെന്നും പറഞ്ഞിരുന്നു. പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും. വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല, ശ്വാസം മുട്ടിച്ചു കളയുമെന്നും പദ്മജ പറഞ്ഞു.
ജോസ് വെള്ളൂർ തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സഹികെട്ടാണ് കോൺഗ്രസ് വിട്ടതെന്നും പദ്മജ കൂട്ടിച്ചേർത്തു. മുരളി മന്ദിരത്തിൽ തനിക്കും മുരളിയേട്ടനും അവകാശം ഉണ്ട്. ശരിക്ക് പറഞ്ഞാൽ അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണത്. അവിടെ എന്നെ കാണാൻ ആര് വരണം എന്നു ഞാനല്ലേ പറയേണ്ടത്. ഞാൻ മുരളിയേട്ടനെ ബ്ലോക്ക് ചെയ്തിട്ടില്ല, ആരെയും ബ്ലോക്ക് ചെയ്തിട്ടില്ല. എന്നെ ഏട്ടൻ വിളിച്ചിട്ടില്ല. ബിജെപിയിലേക്ക് പോകുന്ന കാര്യം മുമ്പേ പറഞ്ഞില്ല എന്നത് സത്യമാണ്. ഏട്ടൻ ഡിഐസി പോയതും എൻസിപിയിൽ പോയതും ഒന്നും എന്നോട് ചർച്ച ചെയ്തല്ലല്ലോയെന്നും പദ്മജ പറഞ്ഞു.
കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും പദ്മജ വിമർശനമുന്നയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരൻറെ വിമർശനത്തിന് പിന്നാലെയാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ പത്മജ രംഗത്തെത്തിയത്. തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾ കൂടെ നടന്ന് ചതിക്കുന്നവരാണെന്നാണ് പത്മജ ഫേസ്ബുക്കിൽ കുറിച്ചത്. ടിഎൻ പ്രതാപൻ, എംപി വിൻസൻറ് എന്നിവരുടെ പേര് പറഞ്ഞാണ് വിമർശനം.