പത്മജ ബിജെപിയിൽ ചേർന്നത് ഒരു ശതമാനം പോലും തോൽവിക്ക് കാരണമായിട്ടില്ല: കെ മുരളീധരൻ

Update: 2024-06-13 09:16 GMT

തൃശൂരില്‍ സുരേഷ് ഗോപി നടത്തിയ പ്രവ‍ർത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ പാര്‍ട്ടി സംവിധാനത്തിനും തനിക്കും വീഴ്ച പറ്റിയെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. തോല്‍വിയെ കുറിച്ച് ചോദിക്കാനാണ് രാഹുല്‍ഗാന്ധി സംസാരിച്ചത്. തന്നോട് അഭിപ്രായം ചോദിച്ചത് ബഹുമതിയായി കാണുന്നുവെന്നും മുരളീധരൻ ഡൽഹിയിൽ പറഞ്ഞു. തൃശ്ശൂരില്‍ ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ വീണെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ ചോർച്ച ഉണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. 

നിയമസഭ തെരഞ്ഞെടുപ്പിന് 2 വർഷം മാത്രമുള്ളപ്പോള്‍ എല്ലായിടത്തും പോയി മത്സരിക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ പ്രതികരിച്ചു. തൃശ്ശൂരിൽ ജയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതാപനും പറഞ്ഞിട്ടില്ല. പത്മജ ബിജെപിയിൽ ചേർന്നത് ഒരു ശതമാനം പോലും തോൽവിക്ക് കാരണമായിട്ടില്ല. രാഹുൽ വയനാട് ഒഴിയുകയാണെങ്കിൽ പ്രിയങ്ക മത്സരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

അതിനിടെ, തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് പാലക്കാടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. 'നയിക്കാൻ മുരളിയേട്ടൻ വരട്ടെ' എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കണം എന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്. നഗരത്തിന്‌ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. 

കെ മുരളീധരനെ പിന്തുണച്ച് നേരത്തെ തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോട് നഗരത്തിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'പ്രിയപ്പെട്ട കെ എം നിങ്ങൾ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങൾ എന്നാണ്' എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. 'നയിക്കാൻ നായകൻ വരട്ടെ' എന്നാണ് തിരുവനന്തപുരത്തെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്ററിൽ പറയുന്നു. 

Tags:    

Similar News