'കെഎസ്യു നേതാവിനെ മർദ്ദിച്ച എസ്എഫ്‌ഐക്കാരെ പുറത്താക്കണം'; കേരള വിസിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

Update: 2024-07-05 05:07 GMT

കേരള സർവകലശാല കാര്യവട്ടം കാമ്പസിലെ എസ്എഫ്‌ഐ ക്രിമിനലുകളുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്. എം.എ മലയാളം വിദ്യാർത്ഥിയും കെഎസ്യു ജില്ലാ ജോയിൻറ് സെക്രട്ടറിയുമായ സഞ്ചോസിനെ ഹോസ്റ്റൽ ഇടിമുറിയിൽ ക്രൂരമായി മർദ്ദിച്ച, എസ്.എഫ്.ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജിൽ നിന്നും പുറത്താക്കണം. കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സി.സി ടി.വി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാനും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കത്ത് പൂർണരൂപത്തിൽ

കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ എം.എ മലയാളം വിദ്യാർത്ഥിയും കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ചോസിനെ കോളജ് ഹോസ്റ്റലിലെ ഇടിമുറിയിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ച, എസ്.എഫ്.ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജിൽ നിന്നും പുറത്താക്കാനും സംഭവത്തെ കുറിച്ച് പക്ഷപാതരഹിതമായി അന്വേഷിക്കാനും സർവകലാശാല വൈസ് ചാൻസലർ എന്ന നിലയിൽ നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ചൊവ്വാഴ്ച (ജൂലൈ 2) രാത്രി 9.30-ന് പുറത്തുനിന്ന് ആഹാരം കഴിച്ച ശേഷം സാഞ്ചോസും ബന്ധുവും കാമ്പസിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം.

സാഞ്ചോസ് ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടെ അവിടെ കൂടിനിന്ന സി.പി.എം നേതാവിന്റെ മകനും റിസർച്ച് യൂണിയൻ ചെയർമാനുമായ അജിന്ത് അജയ് 'ഒരുത്തൻ വരുന്നുണ്ടെ'ന്ന് ഫോണിൽ നിർദേശം നൽകുകയും വഴിയിൽവച്ച് സഞ്ചോസിന്റെ ബന്ധുവിനെ തടയുകയും ചെയ്തു. മൂന്നു പേർ വണ്ടി കുറുകെ വച്ചാണ് തടഞ്ഞത്. ബന്ധു ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് സാഞ്ചോസ് അങ്ങോട്ടേയ്ക്കെത്തി. ഇതിനിടെ അജിന്ത് അജയ്യുടെ നിർദേശത്തെ തുടർന്ന് അഭിജിത്ത് എന്ന എസ്.എഫ്.ഐ നേതാവ് സാഞ്ചോസിനെ കഴുത്തിൽ പിടിച്ച് വലിച്ചെടുത്ത് ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. ശ്വാസം കിട്ടാതെ പിടഞ്ഞിട്ടും കഴുത്തിലെ പിടിവിട്ടിരുന്നില്ല. അഭിജിത്ത്, അഭിമന്യു ഉൾപ്പെടെയുള്ളവരാണ് ഇതു ചെയ്തതെന്ന് സാഞ്ചോസ് വ്യക്തമാക്കിയിട്ടുണ്ട്.

ഹോസ്റ്റലിലെ ഇടിമുറിയായ 121-ാം മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. കെ.എസ്.യുവിനെ വളർത്താൻ പാടില്ലെന്നതായിരുന്നു അവരുടെ ആവശ്യം. കത്തിയെടുത്ത് മുന്നിൽവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ചോദ്യത്തിനു നൽകിയ ഉത്തരം കള്ളമാണെന്ന് പറഞ്ഞ് കാലിൽ ഷൂസ് ഞെരിച്ച് ചവിട്ടി, മർദിച്ചു.

'ഞങ്ങൾക്ക് സെനറ്റുണ്ട്, സിൻഡിക്കേറ്റുണ്ട്, ഞങ്ങൾക്ക് ഭരണമുണ്ട്, ഞങ്ങളാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്, ഞങ്ങളോട് കളിയ്ക്കാൻ നീ ആരാണെണ്'.- ഇതൊക്കെയായിരുന്നു ഭീഷണി. ആരും ഉപദ്രവിച്ചിട്ടില്ല എന്ന് പേപ്പറിൽ എഴുതി നൽകാനും അജിന്ത് അജയ് ഭീഷണിപ്പെടുത്തി.

സർവകലാശാലയിലെ ജീവനക്കാർക്കും എസ്.എഫ്.ഐ നേതാക്കളെ പേടിയാണെന്നതാണ് യാഥാർത്ഥ്യം. കോഴ്‌സ് കഴിഞ്ഞ പലരും ഹോസ്റ്റലിൽ തങ്ങുന്നുണ്ട്. പഠിച്ച് 5 വർഷം കഴിഞ്ഞിട്ടും ഹോസ്റ്റലിൽനിന്ന് ഇറങ്ങാത്ത പെൺകുട്ടികൾ അടക്കമുളളവരുണ്ട്.

പെൺകുട്ടികളെ രാത്രി വനിതാ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി ഒന്നൊന്നര മണിക്കൂർ വരെ ഇരുത്തി കരയിപ്പിക്കുന്നതും കാമ്പസിൽ പതിവാണ്. അധ്യാപകരിൽ പലരും എസ്.എഫ്.ഐയ്ക്ക് പിന്തുണയാണ്. പാർട്ടിക്കാരല്ലാത്തവരുടെ തീസിസിൽ അധ്യാപകർ ഒപ്പിടില്ലെന്നും അറ്റൻഡൻസ് വെട്ടിക്കുറയ്ക്കുമെന്നും വ്യാപക പരാതിയുണ്ട്.

സാഞ്ചോസിനെ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അവിടെയും ഈ ക്രിമിനലുകൾ സംഘടിച്ചെത്തി ആക്രമിച്ചു. ഇതിനു പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇവരുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായി.

സഹപാഠികളെ പോലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഇടിമുറികളിൽ എത്തിച്ച് മർദ്ദിക്കുകയും പിന്തുടർന്ന് ആക്രമിക്കുകയും ചെയ്യുന്ന ഇവർ കൊടും ക്രിമിനൽ മനസുള്ളവരാണെന്ന് പറയേണ്ടതില്ലല്ലോ. പൂക്കോട് വെറ്റനറി സർവകലാശാലയിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ മർദ്ദിച്ച് കെലപ്പെടുത്തിയതിന് പിന്നിലും ഇതേ വിദ്യാർത്ഥി സംഘടനയിൽപ്പെട്ടവരായിരുന്നു. അത്തരമൊരു സംഭവം ഇനി ആവർത്തിക്കപ്പെടാതിരിക്കാൻ നാം ഓരോരുത്തരും ജാഗ്രത പുലർത്തേണ്ടതുണ്ട്.

കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സി.സി ടി.വി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാനും കർശന നിർദ്ദേശം നൽകണം.

കേരള സർവകലാശാലയുടെ അന്തസും സത്പേരും കളങ്കപ്പെടുത്തുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സാഞ്ചോ സിനെ ക്രൂരമായി ആക്രമിക്കുകയും ചെയ്ത ക്രിമിനലുകൾക്കെതിരെ അടിയന്തിരമായി കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Tags:    

Similar News