ഓണക്കിറ്റ് ; റേഷൻ കടകളിൽ കിറ്റ് ഇന്ന് എത്തും ; വിതരണം നാളെയും മറ്റന്നാളും

Update: 2023-08-26 05:56 GMT

ഓണക്കിറ്റ് വിതരണം ചെയ്യുന്നതിലേക്കായി മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൂർത്തിയായ കിറ്റുകൾ ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിക്കും. നാളെയും മറ്റന്നാളുമായി കിറ്റ് വിതരണം പൂർത്തിയാക്കും. നാളെയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.

ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ മിൽമയുടെ പായസക്കൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാന പ്രശ്നം. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് ഭാഗികമായെങ്കിലും കഴിഞ്ഞ ദിവസം കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്. ഇന്നലെ മുതൽ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥ‍ർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.

അതേ സമയം, ഓണക്കിറ്റ് ഇത്തവണ എല്ലാവര്‍ക്കും ഇല്ല. സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. 32 കോടി രൂപ സപ്ലെയ്കോക്ക് മുൻകൂറായി നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയാണ്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഓണ വിപണിക്ക് മുന്നിൽ പകച്ച് നിൽക്കുന്ന സപ്ലെയ്കോക്ക് കിറ്റ് തയ്യാറാക്കാൻ മാത്രം 32 കോടി മുൻകൂര്‍ അനുവദിക്കാനും മന്ത്രിസഭായോഗം നിര്‍ദ്ദേശം നൽകി. റേഷൻകടകൾ വഴിയാണ് വിതരണം. 93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നൽകിയിരുന്നു. 

Tags:    

Similar News