'അനിൽ ആന്റണിയുമായി പ്രശ്നങ്ങളില്ല'; വീട്ടിലെത്തിയ അനിൽ ആന്റണിയെ മധുരം നൽകി സ്വീകരിച്ച് പി.സി ജോർജ്

Update: 2024-03-04 13:26 GMT

പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ പരസ്യകലാപത്തിനിറങ്ങിയ പിസി ജോർജ്ജ് ബിജെപി ദേശീയ നേതൃത്വത്വത്തിൻറെ ഇടപെടലോടെ അയഞ്ഞു. വീട്ടിലെത്തിയ അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച ജോർജ്ജ് പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചു. അതേ സമയം ജോർജ്ജിൻറെ വിമർശനങ്ങളിൽ സംസ്ഥാന എൻഡിഎ നേതൃത്വത്തിന് അതൃപ്തിയുണ്ട്.അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുമുണ്ടാകും. താൻ മൽസരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കുമെന്നും പിസി വ്യക്തമാക്കി.

ഇന്ന് വൈകിട്ടോടെയാണ് പിസി ജോര്‍ജിന്‍റെ വീട്ടില്‍ അനില്‍ ആന്‍റണിയെത്തിയത്. പിസി ജോര്‍ജിനെ വിമര്‍ശിച്ചുള്ള തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിനും പിസി ജോര്‍ജ് മറുപടി നല്‍കി. സ്വയം നിയന്ത്രിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് നന്നായെന്നും തുഷാർ തന്നെ പ്രചാരണത്തിന് വിളിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും പിസി ജോര്‍ജ് ചോദിച്ചു. വിളിക്കാതെ പ്രചാരണത്തിന് പോകേണ്ട കാര്യം ഇല്ലല്ലോ. വിളിക്കാതെ പോകാൻ താൻ ചന്തയല്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. അതേസമയം, പിസി ജോര്‍ജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്നായിരുന്നു അനിൽ ആന്‍റണിയുടെ പ്രതികരണം.

മുതിർന്ന നേതാവായ ജോർജിന്‍റെ പിന്തുണ തനിക്കുണ്ടാകും. പിസി ജോർജിന്‍റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് സന്തോഷമെന്നും അനില്‍ ആന്‍റണി പറഞ്ഞു. ഉറപ്പിച്ച സീറ്റ് അനിൽ ആൻറണിക്ക് നല്‍കിയതിലായിരുന്നു പിസി ജോർജിൻറെ കടുത്ത അമർഷം. എതിർപ്പ് പലതവണ പരസ്യമാക്കി പാർട്ടിയെ സമ്മർദ്ദത്തിലാക്കിയ ജോർജ്ജ് ഒടുവിൽ അയയുകയാണ്. മിതത്വം പാലിക്കണമെന്ന് ദേശീയ നേതാക്കൾ ജോർജ്ജിനെ വിളിച്ചറിയിച്ചിരുന്നു. വേണ്ട പരിഗണന നൽകുമെന്നും പറഞ്ഞിരുന്നു. തുഷാർ വെള്ളാപ്പള്ളി ജോർജിനെ ഡൽഹിയിൽ തള്ളിപ്പറഞ്ഞതോടെ കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങിയ ജോർജ് പിന്നെ കളം മാറ്റുകയായിരുന്നു.

ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് അനിൽ ആൻറണി പത്തനംതിട്ടയിലിറങ്ങും മുമ്പ് ജോർജ്ജിനെ കണ്ടത്. അനിലിനെ മണ്ഡലത്തിൽ നന്നായി പരിചയപ്പെടുത്തേണ്ടിവരുമെന്ന് നേരത്തെ പരിഹസിച്ച ജോർജ്ജ് ജയം ഉറപ്പെന്നാണ് ഇപ്പോള്‍ പറയുന്നത്. അതേ സമയം ജോർജ്ജ് ഉണ്ടാക്കിയ അപ്രതീക്ഷിത പ്രതിസന്ധിയിൽ പാർട്ടി ദേശീയ-സംസ്ഥാന നേതൃത്വങ്ങൾക്ക് അതൃപ്തിയുണ്ട്. 

Tags:    

Similar News