സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ല; ആൺകുട്ടികൾ പഠിക്കണമെന്ന് ഹൈക്കോടതി

Update: 2023-01-22 06:23 GMT

സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചൻരീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണമെന്ന് ഹൈക്കോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. കാമ്പസിലെ പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പൽ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലത്തെ ഒരു എൻജിനിയറിങ് കോളേജിലെ വിദ്യാർഥി നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.

സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർഥികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ കൂടിവരുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളിൽ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള ശ്രമം പ്രൈമറിക്ളാസുകൾമുതൽ തുടങ്ങണം. ആൺകുട്ടികളിൽ പൊതുവേ ചെറുപ്പംമുതൽ ലിംഗവിവേചന മനോഭാവം കണ്ടുവരുന്നുണ്ട്. ദുർബലരായ പുരുഷന്മാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം നേടുന്നതെന്ന് കുട്ടികളെ പഠിപ്പിക്കണം -കോടതി പറഞ്ഞു. മധ്യകാലഘട്ടത്തിലെ പണ്ഡിതനും ചിന്തകനുമായിരുന്ന ഇബ്‌നുൽ ഖയിം അൽ ജൗസിയയുടെ വാക്കുകൾ വിധിയിൽ ഉദ്ധരിച്ചിട്ടുണ്ട്: 'സമൂഹത്തിന്റെ ഒരു പകുതിതന്നെയാണ് സ്ത്രീകൾ. അവരാണ് മറുപാതിക്ക് ജന്മം നൽകുന്നത്. അങ്ങനെ അവർ ഈ സമൂഹം തന്നെയാകുന്നു'.

വിധിയുടെ പകർപ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എന്നിവർക്കും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ ബോർഡുകൾക്കും നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. യു.ജി.സി.ക്കും ഇതിൽ പങ്കുവഹിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജി ഫെബ്രുവരി മൂന്നിന് വീണ്ടും പരിഗണിക്കും. തന്റെ വാദം കേൾക്കാതെയാണ് നടപടിയെന്ന് വിദ്യാർഥി ഹർജിയിൽ ആരോപിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ കോളേജ് തലത്തിൽ പരാതിപരിഹാര കമ്മിറ്റി രൂപവത്കരിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

Tags:    

Similar News