മേയര്‍ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഒരു ക്രിമിനൽ കേസും നിലവിലില്ലെന്ന് പൊലീസ്. യദു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നടപടികൾ അവസാനിപ്പിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്.
മേയർക്കെതിരെ പ്രതികരിച്ചു എന്ന കാരണത്താൽ സി പി എം സഹായത്തേടെ മലയിൻകീഴ് പോലീസ് തനിക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് താൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതെന്നുമാണ് യദു ഹര്‍ജിയിൽ പറഞ്ഞത്. യദുവിനെതിരെ മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെ തിരുവനന്തപുരത്ത് മജിസ്ട്രേറ്റ് മുൻപാകെ രഹസ്യ മൊഴി നൽകിയിരുന്നു.
ഡ്രൈവർ യദു ലൈഗിംകാധിക്ഷേപം കാണിച്ചുവെന്ന പരാതിയിൽ അന്വേഷണം വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. അതേസമയം യദു നൽകിയ പരാതിയിൽ പ്രതിയാക്കപ്പെട്ട മേയർക്കും എംഎൽഎക്കുമെതിരെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. പ്രധാന തെളിവായ മെമ്മറി കാർഡും ആരെടുത്ത് കൊണ്ടുപോയെന്ന് ഇപ്പോഴും കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് മേയറുടെ പരാതിയിൽ കുറ്റപത്രം നൽകാനായി ബസ് പരിശോധന നടന്നത്. മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധിച്ചത്.
രണ്ടുമാസമായി വേഗപൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. ജിപിഎസും പ്രവർത്തിക്കുന്നില്ലെന്നാണ് ഈ പരിശോധനയിലെ കണ്ടെത്തൽ. മേയർ സഞ്ചരിച്ച വാഹനം അമിത വേഗത്തിൽ ബസ്സ് മറികന്നോയെന്നറിയാനുള്ള ശാസ്ത്രീയ തെളിവുകളൊന്നും ബസ്സിൽ നിന്നും കിട്ടിയില്ല. പക്ഷെ പരാതിക്കാരിയുടെ മൊഴിയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റപത്രം നൽകാനാണ് തീരുമാനം. കന്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. മെമ്മറി കാർഡ് കാണാതായ കേസിൽ തമ്പാനൂർ പൊലിസാണ് അന്വേഷണം നടത്തുന്നത്.