'തന്നെ അറിയില്ലെന്ന വാദം കള്ളം, മയക്കുമരുന്ന് കലക്കിയ വെള്ളം നൽകി പീഡിപ്പിച്ചു'; നിവിൻപോളിക്കെതിരെ യുവതി

Update: 2024-09-04 01:18 GMT

തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമെന്നും പീഡന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതിക്കാരിയായ യുവതി. മൂന്ന് ദിവസം ദുബായിൽ മുറിക്കുള്ളിൽ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ലഹരി ഉപയോഗിച്ച ശേഷമാണ് നിവിൻ പോളി മർദിച്ചതെന്നും യുവതി വ്യക്തമാക്കി.

2023 നവംബർ-ഡിസംബർ മാസത്തിൽ ദുബായിൽവെച്ചാണ് സംഭവം നടന്നത്. അവിടെവെച്ച് പരിചയക്കാരിയായ സ്ത്രീ എ.കെ. സുനിൽ എന്ന നിർമാതാവിനെ പരിചയപ്പെടുത്തിത്തന്നു. അഭിമുഖത്തിനിടെ നിർമാതാവ് ശാരീരികമായി ഉപദ്രവിച്ചു. തുടർന്ന് നിർമാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിൻ പോളി, ബിനു, ബഷീർ, കുട്ടൻ എന്നിവർ ഇടപെട്ടു. ഇവർ മൂന്നുദിവസത്തോളം അവിടെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറഞ്ഞു.

വിഷയത്തിൽ ജൂണിൽ പരാതി നൽകിയിരുന്നു. ലോക്കൽ പോലീസ് സ്റ്റേഷനിൽനിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നൽകിയത്. കുറ്റം തെളിയിക്കാൻ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ്. നീതി കിട്ടണം. തന്റെയും ഭർത്താവിന്റെയും ചിത്രം ചേർത്ത് ഹണി ട്രാപ്പ് ദമ്പതികൾ എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചു. തങ്ങൾ അങ്ങനെയുള്ളവരല്ലെന്നും യുവതി വ്യക്തമാക്കി.

ദുബായിൽ നഴ്സായി ജോലിചെയ്യുന്ന പരാതിക്കാരിയെ ശ്രേയ എന്ന യുവതിയാണ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കുറ്റാരോപിതരുടെ സമീപത്തെത്തിക്കുന്നത്. തുടർന്ന് രണ്ടിടത്തുവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. എ.കെ. സുനിൽ എന്ന നിർമാതാവിന് കേരളത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യുവതിയെയും ഭർത്താവിനെയും മോശക്കാരാക്കി ചിത്രീകരിച്ചെന്നും പരാതിക്കാരി പറഞ്ഞു.

യുവതിയുടെ നാട്ടിലെ വീട്ടിലെ ബെഡ്റൂമിൽ ക്യാമറ സ്ഥാപിക്കുകയും വൈഫൈ ഉപയോഗിച്ച് യുവതിയുടെ ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്യുകയും ചെയ്യുന്ന വിധത്തിൽ ഈ സംഘം ക്രൂരത കാണിച്ചെന്നും ആരോപിക്കുന്നു. നിവിൻ പോളിയുടെ ആരാധകരെ ഉപയോഗിച്ച് വീട് ആക്രമിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്താൻ ശ്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

Tags:    

Similar News