തിരുവനന്തപുരം നീറമൺകരയിൽ നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൃഷി വകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മർദിച്ച സംഭവത്തിലാണ് പ്രതികളായ അഷ്‌കറിനും സഹോദരൻ അനീഷിനും എതിരെ കരമന പൊലീസ് വധശ്രമത്തിന് കേസെടുത്തത്. മർദ്ദനത്തിന് ഇരയായ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ പ്രദീപ് പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ വീഴ്ച വരുത്തിയ എസ്‌ഐയ്ക്കും എഎസ്‌ഐയ്ക്കുമെതിരെ ഇന്നലെ നടപടി എടുത്തിരുന്നു.
ഇന്നലെ രാത്രിയാണ് പ്രദീപിനെ മർദിച്ച അഷ്‌കറിനെയും സഹോദരൻ അനീഷിനെയും കരമന പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രതികളെ പിടികൂടിയതോടെ പൊലീസ് തെളിവെടുപ്പിൻറെ ഭാഗമായി പ്രദീപിനെ കരമന സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തന്നെ മർദിച്ച രണ്ടുപേരെയും പ്രദീപ് തിരിച്ചറിഞ്ഞു. സംഭവത്തിൽ വീഴ്ച വരുത്തിയ കരമന എസ്‌ഐ സന്തുവിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന എഎസ്‌ഐ മനോജിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.