കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്സ്: മുഖ്യമന്ത്രി
കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയുന്നതല്ല നവകേരള സദസ്സെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെ കണ്ണൂർ കല്യാശേരി പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിലാണു പ്രതികരണം. ‘‘ഒരു അഭ്യർഥന മാത്രമേയുള്ളൂ. എൽഡിഎഫ് സർക്കാരിനെ പിന്താങ്ങുന്നവരും ഇന്നത്തെ ഘട്ടത്തിൽ സർക്കാർ പറയുന്നത് കേൾക്കാൻ ആഗ്രഹിച്ച് എത്തുന്നവരുമായ ആയിരക്കണക്കിന് ആളുകളുണ്ട്. അവരാരും ഇക്കാര്യത്തിൽ പ്രകോപിതരാകരുത്. പ്രകോപനം സൃഷ്ടിക്കാനാണ് അവർ ഉദ്ദേശിക്കുന്നത്.
‘‘ഞങ്ങൾ തളിപ്പറമ്പിലേക്കു വരുമ്പോൾ ബസിനു മുന്നിൽ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ചാടിവീണു. എതിർപ്പുമായി വരുന്നവരെ ആൾക്കൂട്ടം കൈകാര്യം ചെയ്താൽ എന്തു സംഭവിക്കും? റോഡരികിൽ നിന്നവർ സംയമനം പാലിച്ചു. കരിങ്കൊടി കാട്ടിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.’’– മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസ്സിന്റെ പ്രത്യേക ബസിനെതിരെ പഴയങ്ങാടി എരിപുരത്താണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിഷേധക്കാരെ ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.