തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചില്ല എന്ന പ്രതിഭാഗത്തിന്റെ വാദത്തിൻമേലാണ് കോടതിയുടെ തീരുമാനം. കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം അഡീ. സെഷൻസ് കോടതിയാണ്.
അന്വേഷണ സംഘം കേസിലെ പ്രതിയായ കേഡൽ ജിൻസൺ രാജയുടെ സ്വകാര്യ ലാപ് ടോപ്പിൽ നിന്നുമാണ് തെളിവുകൾ ശേഖരിച്ചത്. വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി പ്രതിക്ക് ഉണ്ടെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കുറ്റപത്രം വായിക്കാൻ കോടതി തീരുമാനിച്ചത്. 2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല നടന്നത്. കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ക്ലിഫ് ഹൗസിന് സമീപത്തുള്ള വീട്ടിൽ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.