'വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല'; കെ. അനിൽകുമാറിനെ തള്ളി എം.വി. ഗോവിന്ദൻ
സിപിഎം സംസ്ഥാന സമിതി അംഗം.കെ. അനിൽകുമാറിന്റെ തട്ടം പരാമർശത്തെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അനിൽകുമാറിന്റെ പരാമർശം പാർട്ടിനിലപാടിൽനിന്ന് വ്യത്യസ്തമാണ്. ഇത്തരത്തിൽ ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യപരമായ അവകാശമാണ്. ഭരണഘടന ഉറപ്പുനൽകുന്ന കാര്യംകൂടിയാണത്. അതിനാൽത്തന്നെ അനിൽകുമാറിന്റെ പരാമർശം പാർട്ടി നിലപാടിൽനിന്ന് വ്യത്യസ്തമാണ്. വസ്ത്രധാരണത്തിലേക്ക് കടന്നു കയറുന്ന ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. ഇത്തരത്തിൽ ഒരു പരാമർശവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ ഓർമിപ്പിച്ചു.
ഹിജാബ് പ്രശ്നം ഉയർന്നുവന്ന സമയത്തുതന്നെ സി.പി.എം. അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിംകളുടെ വസ്ത്രധാരണ കോടതിയുടെ പ്രശ്നമായി മാറ്റുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ കൂടെ ഭാഗമായാണെന്ന് നേരത്തേ അനിൽകുമാർ പറഞ്ഞിരുന്നു.