ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് ഞാനും പിണറായി വിജയനും ഒന്ന്; വൈക്കത്ത് വരാൻ സാധിച്ചതിൽ അഭിമാനമെന്ന് എം.കെ സ്റ്റാലിൻ

Update: 2023-04-01 13:22 GMT

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് ക്ഷണിച്ചതിൽ നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ക്ഷണിച്ചിരുന്നു. ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്നാണ്. വൈക്കം കേരളത്തിലാണെങ്കിലും തമിഴ്‌നാടിനും ഏറെ പ്രിയപ്പെട്ടതാണ്. വൈക്കം സത്യഗ്രഹം കേരളത്തിന് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണ്. സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകാൻ പ്രധാന പങ്ക് വഹിച്ചു. വൈക്കത്ത് വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെനും അദ്ദേഹം പറഞ്ഞു.

വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ എല്ലാവരെയും ഓർക്കുന്നു. തമിഴ്‌നാട്ടിൽ നിന്നും പെരിയോരും കേരളത്തിൽ നിന്നും ടി കെ മാധവനും ചേർന്ന് നടത്തിയ പോരാട്ടമാണ്. ഒരു ഘട്ടത്തിൽ സമരം അവസാനിപ്പിക്കേണ്ടി വരുമെന്ന് ആളുകൾ കരുതി. അപ്പോഴാണ് പെരിയൊർ എത്തുന്നതെന്നും കേരളത്തിൽ ഉടനീളം പെരിയൊർ വൈക്കം സമരത്തിനായി സംസാരിച്ചുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചേർന്നു നിർവഹിച്ചു. സംസ്ഥാന സർക്കാരിനു വേണ്ടി സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന പരിപാടികൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

Tags:    

Similar News