പ്രതിപക്ഷം സൃഷ്ടിക്കുന്ന വെറുംപുകമറ മാത്രമാണ് എഐ ക്യാമറ വിവാദങ്ങളെന്ന് മന്ത്രി പി.രാജീവ്. ഉപകരാറെടുത്ത കമ്പനിയുടെ ആരോ ഒരാൾ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന്റെ പണം കൊടുക്കാനുള്ള രേഖ കാണിച്ച് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്നും രാജീവ് ചോദിച്ചു.
'ഒരു രൂപ പോലും സര്‍ക്കാര്‍ ചെലവഴിക്കാത്ത പദ്ധതിയാണിത്. ക്യാമറക്ക് മാത്രമല്ല നിയമലംഘനം നടത്തുന്നവര്‍ക്ക് പോസ്റ്റ് വഴി നോട്ടീസ് നല്‍കുന്നതിനുള്ള ചെലവ്, നികുതി, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതിബില്‍, ഡാറ്റ ഓപ്പറേറ്റര്‍ മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ അടക്കമുള്ള 146 ഓളം വരുന്ന ജീവനക്കാരുടെ അഞ്ചുവര്‍ഷത്തെ ശമ്പളം, മറ്റു സാങ്കേതികതകള്‍ തുടങ്ങി എല്ലാത്തിനും കൂടിയാണ് 256 കോടിയുടെ കരാര്‍ തുകയെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കെല്‍ട്രോണിന്റെ നടപടികള്‍ പരിശോധിക്കും. ടെന്‍ഡറില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ. മുഖ്യമന്ത്രിയുടെ ബന്ധുവിന് പദ്ധതിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നതിന്റെ അടിസ്ഥാനമെന്താണ് എന്ന് മനസ്സിലാകുന്നില്ല. ഒരു ഉപകരാര്‍ എടുത്ത കമ്പനി ഹോട്ടലില്‍ താമസിച്ചതിന്റെ പേരിൽ പണം നല്‍കാനുണ്ടെന്നുള്ള രേഖയ്ക്ക് മറുപടി കൊടുക്കാൻ പറഞ്ഞാൽ എന്ത് പറയുമെന്നും രാജീവ് ചോദിച്ചു.
രമേശ് ചെന്നിത്തല ഗുരുതരമായ ആരോപണമാണ് നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ ഉന്നയിച്ചതെന്ന് രാജീവ് കുറ്റപ്പെടുത്തി. ചെന്നിത്തല നൽകിയ ഹര്‍ജികള്‍ പൂട്ടി താക്കോലിട്ട് ചീഫ് ജസ്റ്റിസ് നടക്കുകയായിരുന്നുവെന്ന് പറയുന്നതിലൂടെ നീതിന്യായ വ്യസ്ഥയ്‌ക്കെതിരെ അതിഗുരുതരമായ പ്രശ്‌നമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ പരാമര്‍ശം ഞങ്ങളാണ് നടത്തിയതെങ്കിലും മാധ്യമങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നും മന്ത്രി ചോദിച്ചു.