കേന്ദ്ര വിഹിതം: കേരളം നേരിട്ടത് ക്രൂരമായ അവഗണനയെന്ന് കെ.എൻ ബാലഗോപാൽ, ബജറ്റ് രേഖകളിൽ നിന്ന് വ്യക്തം

Update: 2023-02-01 11:45 GMT

കേന്ദ്ര വിഹിതം ലഭിക്കുന്നതിൽ കേരളം നേരിട്ട ക്രൂരമായ അവഗണനയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് രേഖകളിൽ നിന്ന് ഇത് വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ തോതിലുള്ള കേന്ദ്ര വിഹിതമാണ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടെങ്കിലും അതിൻറെ ഗുണം താഴേത്തട്ടിൽ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നടപ്പ് വർഷത്തെ ചെലവായി ബജറ്റിൽ പറയുന്നത് 1,13,099 കോടി രൂപയാണ്. അതേസമയം, വരും വർഷത്തിൽ ചെലവായി 86,144 കോടി രൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യ സുരക്ഷ പദ്ധതി, പി.എം.എ.വൈ, യു.എ.ഡി.എഫ് പദ്ധതികൾ, നെല്ല്, ഗോതമ്പ് സംഭരണം തുടങ്ങിയവക്കുള്ള ബജറ്റ് വിഹിതം കുറവാണ്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള ചെലവിലേക്ക് 2,14,696 കോടി രൂപയാണ് ബജറ്റിൽ മാറ്റിവെച്ചിട്ടുള്ളത്. വരും വർഷത്തിൽ 1,57,207 കോടിയാണ് വകയിരുത്തിട്ടുള്ളത്. കണക്ക് പ്രകാരം ബജറ്റ് വിഹിതത്തിൽ കുറവാണുള്ളത്. ഭക്ഷ്യ സുരക്ഷ പദ്ധതിയെ ഇത് എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന പ്രശ്‌നം നിലനിൽക്കുന്നുണ്ട്.

കർഷകരിൽ നിന്ന് നെല്ല്, ഗോതമ്പ് എന്നിവ സംഭരണത്തിനുള്ള തുകയിലും കുറവുണ്ട്. നടപ്പ് വർഷത്തിൽ 72,283 കോടി രൂപയാണെങ്കിൽ വരും വർഷത്തിൽ 59,000തോളം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെന്ന് കെ.എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Similar News