54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും: ചട്ടങ്ങളുമായി എം.ജി

Update: 2024-02-23 09:26 GMT

അടുത്ത അധ്യയനവർഷം മുതൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നതിന് മഹാത്മാഗാന്ധി സർവകലാശാലയിൽ ചട്ടങ്ങളായി.  54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും. മൂന്നുവർഷം പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക്‌ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ കോഴ്സ് മതിയാക്കാനും അവസരമുണ്ട്‌.

നാലുവർഷ കോഴ്‌സ്‌ പൂർത്തിയാക്കിയാലേ ഓണേഴ്‌സ്‌ ബിരുദം ലഭിക്കൂ. മൂന്നുവർഷക്കാലത്ത്‌ മികച്ച ക്രെഡിറ്റ്‌ നേടുന്നവർക്കാണ് നാലാംവർഷം ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ചിന്‌ അവസരം. മൂന്നുവർഷം കഴിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഈ അവസരം നഷ്ടമാകും.

ഒന്നാംവർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും രണ്ടുവർഷം കഴിഞ്ഞാൽ ഡിപ്ലോമയും നൽകുന്നരീതിയാണ്‌ ദേശീയ വിദ്യാഭ്യാസനയത്തിലുള്ളത്‌. എന്നാൽ, ഇക്കാര്യത്തിൽ യു.ജി.സി. അന്തിമതീരുമാനമെടുത്തിട്ടില്ല. പഠിക്കാൻ യു.ജി.സി. വിദഗ്‌ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. എം.ജി.യിലും ആദ്യ രണ്ടുവർഷം എക്‌സിറ്റ്‌ (പുറത്തുപോകാൻ അവസരം) തത്‌കാലം നടപ്പാക്കില്ല.

177 അക്കാദമിക്‌ ക്രെഡിറ്റ്‌ ആണ്‌ ആകെയുള്ളത്‌. ഓരോവർഷം പൂർത്തിയാക്കുമ്പോൾ നേടിയ ക്രെഡിറ്റിന്റെ സ്‌റ്റേറ്റ്‌മെന്റ്‌ വിദ്യാർഥികൾക്ക്‌ നൽകും. ഒരുവർഷം കഴിഞ്ഞാൽ മറ്റൊരു കോളേജിലേക്കോ സർവകലാശാലയിലേക്കോ പഠനം മാറ്റാൻ വിദ്യാർഥികൾക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. കോഴ്‌സ്‌ ഇടയ്‌ക്കുവെച്ച്‌ നിർത്തിയാലും വീണ്ടും പുനരാരംഭിക്കാം. പഠിച്ച കാലയളവിലെ ക്രെഡിറ്റ്‌ നിലനിൽക്കും.

പ്രോഗ്രാമുകളുടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്‌. സയൻസ്‌ പ്രോഗ്രാമിന്‌ ചേരുന്നവർക്ക്‌ മൈനർ സബ്‌ജെക്ടായി ഏതെങ്കിലും ആർട്‌സ്‌ വിഷയം എടുക്കാം. അതുപോലെ തിരിച്ചും. പുതിയ സിലബസ്‌ മാർച്ച്‌ ഒന്നിന്‌ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻമാർ വൈസ്‌ ചാൻസലർക്ക്‌ സമർപ്പിക്കും.

Tags:    

Similar News