ആർത്തവ ദിനങ്ങളിൽ അവധി; ഹാജർ ഇളവ് നൽകാൻ കുസാറ്റ്, കേരളത്തില്‍ ആദ്യം

Update: 2023-01-14 08:05 GMT

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്) വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചു. കേരളത്തില്‍ ആദ്യമായാണിത്. ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കും. നിലവില്‍ 75% ഹാജരുള്ളവര്‍ക്കേ സെമസ്റ്റര്‍ പരീക്ഷ എഴുതാനാകൂ. ഹാജര്‍ ഇതിലും കുറവാണെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണു പതിവ്. എന്നാല്‍, ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, ഇനി അപേക്ഷ മാത്രം നല്‍കിയാല്‍ മതി. വിദ്യാര്‍ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാന്‍ എംജി സര്‍വകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

ആര്‍ത്തവ ദിവസങ്ങളില്‍ അവധി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അടുത്തിടെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠിയാണ് വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ആര്‍ത്തവ വേദനയെ എല്ലാവരും അവഗണിച്ചിരിക്കുകയാണെന്നും ആര്‍ത്തവ സമയത്ത് അവധി നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബീഹാറാണ്.

Tags:    

Similar News