ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മെച്ചപ്പെട്ടു ; വെൻ്റിലേറ്ററിൽ നിന്ന് മാറ്റും
കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. വെന്‍റിലേറ്റർ സഹായം പൂർണമായി നീക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. ആശുപത്രി കിടക്കയിൽ നിന്ന് മക്കൾക്ക് കുറിപ്പ് എഴുതി നൽകിയത് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്‍റെ നല്ല സൂചനയാണെന്ന് ഡോക്ടർമാർ പറയുന്നു.
ഓർമകൾ ബാക്കിയുണ്ട്. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. തലച്ചോറിനുണ്ടായ ക്ഷതം ശരീരത്തെ ബാധിച്ചോ, ഉണ്ടെങ്കിൽ അത് എങ്ങനെയാണ് എന്നതൊക്കെ ക്രമണയേ മനസിലാകൂവെന്നാണ് ഡോക്ടർമാരുടെ പ്രതികരണം. എന്നാൽ ആശുപത്രിക്കിടക്കയിൽ എഴുന്നേറ്റിരുന്ന് കുറിപ്പ് എഴുതിയത് ആശ്വാസകരമാണ്. ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ തുടരുകയാണ്. കൈകാലുകൾ അനക്കുന്നുണ്ടെന്നും അടുത്തദിവസം തന്നെ വെന്‍റിലേറ്റർ സപ്പോർട്ട് പൂർണമായി മാറ്റാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.