കഞ്ചിക്കോട് ബ്രൂവറി അനുമതി: 'ടെൻഡർ ക്ഷണിച്ച് നൽകിയത്'; പ്രതിപക്ഷത്തിൻ്റെ അഴിമതി ആരോപണം തള്ളി എക്സൈസ് മന്ത്രി
കഞ്ചിക്കോട് രാജ്യത്തെ പ്രമുഖ മദ്യ ഉൽപ്പന്ന നിർമ്മാണ കമ്പനി ഒയാസിസിന് ബ്രൂവറി ലൈസൻസ് അടക്കം അനുവദിച്ചത് ടെൻഡർ അടക്കം മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാർ അംഗീകരിച്ച കമ്പനിക്കാണ് ടെൻഡർ നൽകിയത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതി നൽകിയത്.
എക്സ്ട്രാ നൂട്രൽ ആൽക്കഹോൾ നിർമാണത്തിനായാണ് അനുമതി. ഇത് സംസ്ഥാനത്തെ മദ്യ നയത്തിന്റെ ഭാഗമാണ്. പ്രദേശത്തും കൃഷിക്കും തൊഴിലവസരങ്ങൾക്കും ഇത് കാരണമാകും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സർക്കാർ തീരുമാനം. പ്രതിപക്ഷ ആരോപണം സ്വഭാവികമെന്നും എംബി രാജേഷ് പ്രതികരിച്ചു.
കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിനാണ് ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഇന്നലെ മന്ത്രിസഭ അനുമതി നൽകിയത്. അനുമതിക്ക് പിന്നിൽ അഴിമതി ആരോപിച്ച് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവും രംഗത്ത് വന്നിരുന്നു.
പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടിയെന്നും ടെൻഡർ ക്ഷണിച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. 2018 ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചതാണ്. തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തിലാണ് പിണറായി സര്‍ക്കാര്‍ വീണ്ടും ബ്രൂവറി അനുമതി നൽകിയതെന്നായിരുന്നു വിഡി സതീശൻ്റെ വിമർശനം.
സംസ്ഥാനത്ത് കഴിഞ്ഞ 26 വര്‍ഷമായി മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ 1999 ലെ നയപരമായ തീരുമാനമാണെന്ന് പറഞ്ഞ് നിരസിക്കുന്നതാണ് രീതി. 2018 ലും ബ്രൂവറി അനുവദിക്കാന്‍ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ പിന്മാറിയിരുന്നു.