പെരിയ കേസ്; പാർട്ടി സഖാക്കളെ രക്ഷിക്കുന്നതിന് ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് കേസ് നടത്തും: ഇ.പി ജയരാജൻ
പെരിയ കേസിൽ പ്രതിളായ സിപിഎം പ്രവർത്തകരുടെ കേസ് നടത്തുന്നതിന് ജനങ്ങളിൽ നിന്ന് പിരിവ് നടത്തുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ.
നിരപരാധികളായ പാർട്ടി സഖാക്കൾക്ക് നേരെ സിബിഐയെ ഉപയോഗിച്ച് ഉന്നയിച്ച തെറ്റായ കാര്യങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സഖാക്കളുടെ നിരപരാതിത്വം തെളിയിക്കുന്നതിനുമായാണ് കേസ് നടത്തുന്നത്. സർക്കാരുകൾ പോലും പ്രവർത്തിക്കുന്നത് ജനങ്ങളിൽനിന്ന് നികുതി പിരിച്ചെടുത്താണെന്ന് ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇ.പി ജയരാജന്റെ കുറിപ്പ്
''പെരിയ കേസിൽ നിരപരാധികളായ പാർട്ടി സഖാക്കളെ രക്ഷിക്കുന്നതിന് ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ച് കേസ് നടത്തും. അത് കോൺഗ്രസിനോട് ചോദിക്കേണ്ട കാര്യമില്ല. നിരപരാധികളായ പാർട്ടി സഖാക്കൾക്ക് നേരെ സിബിഐയെ ഉപയോഗിച്ച് ഉന്നയിച്ച തെറ്റായ കാര്യങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സഖാക്കളുടെ നിരപരാതിത്വം തെളിയിക്കുന്നതിനുമായാണ് കേസ് നടത്തുന്നത്. ഇതിനായി ജനങ്ങൾ സ്വമേധയാ പണം നൽകി മുന്നോട്ടുവരികയാണ്.
അതിന് കോൺഗ്രസിനോട് ചോദിക്കേണ്ട ബാധ്യത ജനങ്ങൾക്കോ പാർട്ടിക്കോ ഇല്ല. എല്ലാ പാർട്ടികളും അവരുടെ ആവശ്യങ്ങൾക്ക് ജനങ്ങളിൽ നിന്ന് പണം കണ്ടെത്തും. സർക്കാരുകൾ പോലും പ്രവർത്തിക്കുന്നത് ജനങ്ങളിൽനിന്ന് നികുതി പിരിച്ചെടുത്താണ്.
കോൺഗ്രസിനും വലത് പിന്തിരിപ്പൻ ശക്തികൾക്കും വേണ്ടി മാധ്യമങ്ങൾ നടത്തുന്ന പ്രസ്താവനകൾ ഇടതുപക്ഷ, സിപിഐഎം, കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ അതിപ്രസരം മൂലമാണ്. എന്നാൽ മാധ്യമങ്ങളോട് ചോദിച്ച് ഫണ്ട് പിരിച്ച് പ്രവർത്തിക്കുന്നവരല്ല സിപിഐഎം എന്ന് സ്വയം മനസ്സിലാക്കണം. ഇടതുപക്ഷ വുരുദ്ധത മൂത്ത മാധ്യമങ്ങൾക്ക് സ്വയം വിലയിരുത്താനെങ്കിലും അത് ഉപകാരപ്പെടും.''
സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം. ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികൾക്ക് കൈമാറണമെന്നാണ് നിർദേശത്തിലുള്ളത്. 28000ത്തിലേറെ അംഗങ്ങളാണ് സിപിഎമ്മിന് ജില്ലയിലുള്ളത്. ഇവർക്ക് പുറമെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്.
ഹൈക്കോടതി സ്‌റ്റേ ലഭിച്ചതിനെ തുടർന്ന് മോചിതരായ ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കമുള്ള പ്രതികളായ നാല് സിപിഎം നേതാക്കൾക്കും വൻ സ്വീകരണമാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുതിർന്ന നേതാവ് പി ജയരാജൻ, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രൻ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും ഇവരെ സ്വീകരിക്കാൻ എത്തിയിരുന്നു.
രക്തഹാരമണിയിച്ചാണ് ജയിലിന് പുറത്തെത്തിയ നാലുപേരെയും സ്വീകരിച്ചത്. സിപിഎം നേതാക്കളായതുകൊണ്ടാണ് തങ്ങളെ പ്രതിചേർത്തതെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നുമായിരുന്നു കെ വി കുഞ്ഞിരാമന്റെ പ്രതികരണം.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലിനൊപ്പം നൽകിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശിക്ഷ സ്റ്റേ ചെയ്തത്.