മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

Update: 2024-05-01 07:10 GMT

 തിരുവനന്തപുരത്ത് റോഡില്‍ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. കെഎസ്ആര്‍ടിസി ബസിനുളളിലെ ഡിവിആറിന്റെ റെക്കോര്‍ഡിങ്ങുള്ള മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നും കന്റോണ്‍മെന്റ് സിഐ പറഞ്ഞു.മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി. ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഡ്രൈവര്‍ യദു പറയുന്നു.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടത്തിയത്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറുടെ കാർ സീബ്രാ ലൈനിനു കുറുകെയിട്ട് ബസ് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങളും, പട്ടം മുതൽ ബസിനെ കാർ ചേസ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്നതും ഡ്രൈവര്‍ കാബിനില്‍ നടന്ന സംഭവങ്ങളും കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമായിരുന്നു.

Tags:    

Similar News