സി എൻ മോഹനന് വക്കീൽ നോട്ടീസ് അയച്ച് കുഴൽനാടൻ; പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, 2.5കോടി മാനനഷ്ടം വേണം
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനന് വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മാത്യു കുഴൽനാടൻ ഉൾപ്പെട്ട ദില്ലിയിലെ നിയമ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചത്. വാർത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മാത്യു കുഴൽനാടനെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം, ഏഴ് ദിവസത്തിനുള്ളിൽ രണ്ടര കോടി രൂപ മാനനഷ്ടമായി നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് നോട്ടീസിൽ ഉന്നയിക്കുന്നത്. ഇല്ലെങ്കിൽ ദില്ലി ഹൈക്കോടതിയിൽ അപകീർത്തി കേസ് നൽകുമെന്നും നോട്ടീസിലുണ്ട്.
മാത്യു കുഴൽനാടനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പുറമെ കുഴൽനാടൻ ഉൾപ്പെട്ട കെഎംഎൻപി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനൻ ഉന്നയിച്ചിരുന്നു.