മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്

Update: 2023-07-03 05:52 GMT

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പിവി ശ്രീനിജിൻ എം എൽ എ യുടെ പരാതിയിലാണ് പരിശോധന.

കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടർ പോലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാൽ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടൻ മലയാളിയുടെ ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീ‍ർത്തികരമായ  പരാമ‍ർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ ഹർജിക്കാരന്‍റെ പ്രധാന വാദം. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി അരുൺ ഹർജി തളളിയത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

Tags:    

Similar News