ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ 87കാരി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി.
മറിയക്കുട്ടിയുടെ പ്രതിഷേധം വൻ വാർത്താ പ്രാധാന്യം നേടിയതോടെ പ്രതിരോധവുമായി സിപിഎമ്മും അവരുടെ മുഖപത്രവും രംഗത്തിറങ്ങിയിരുന്നു. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭ്യമാക്കിയത്.
‘‘പൊതുജനങ്ങൾക്കായിട്ടാണ് ഇറങ്ങിയത്. എല്ലാവർക്കും പെൻഷൻ കിട്ടണം. ഈ പാവക്കുട്ടിയിലൊന്നും ഇതൊന്നും നിൽക്കാൻ പോകുന്നില്ല. ഈ കളിയൊന്നും എന്റെ അടുത്തു നടക്കുകേല. ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചി മേടിക്കണം, രണ്ടു കിലോ അരി മേടിക്കണം, അത് ഇത്രനാളും മുടങ്ങിക്കിടക്കുകയായിരുന്നു. ചായ കുടിച്ച കാശു കൊടുക്കണം.’ – മറിയക്കുട്ടി പ്രതികരിച്ചു.
ഇരുനൂറേക്കർ മില്ലുംപടി സ്വദേശിനിയായ മറിയക്കുട്ടിയുടെയും പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പിന്റെയും പ്രതിഷേധം വാർത്തകളിൽ ഇടംപിടിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി തുടങ്ങിയവർ അടിമാലിയിലെത്തി ഇവരെ സന്ദർശിച്ചിരുന്നു. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ, പാലാ എംഎൽഎ മാണി സി.കാപ്പൻ എന്നിവരും സഹായ വാഗ്ദാനവുമായി രംഗത്തെത്തി.