കൊച്ചി മരട് ഫ്‌ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഫ്‌ലാറ്റ് കമ്പനി ഉടമയുടെ സ്വത്തുക്കൾ ലേലം ചെയ്യും.എച്ച് ടു ഒ ഫ്‌ലാറ്റ് കമ്പനി ഉടമയായ സാനി ഫ്രാൻസിസിന്റെ സ്വത്തുക്കളാണ് ലേലം ചെയ്യുക. ഫ്‌ലാറ്റ് ഉടമകൾക്ക് നഷടപരിഹാര തുക നൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് സർക്കാർ നടപടി. സാനി ഫ്രാൻസിസിൻറെ മരട് വില്ലേജിലെ ഏഴാം ബ്ലോക്കിലുള്ളതും കാക്കനാട് വില്ലേജിലെ എട്ടാം ബ്ലോക്കിലുള്ളതുമായ വസ്തുക്കളാണ് ലേലം ചെയ്യുക.
ഫെബ്രുവരി നാലിനാണ് ലേല നടപടികൾ നടക്കുക. ഫെബ്രുവരി മൂന്നാം തീയതി അഞ്ച് മണിക്ക് മുമ്പായി തന്നെ ടെണ്ടർ നടപടികൾ പൂർത്തിയാക്കണം.ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിൻറെ ഉത്തരവ് പ്രകാരമാണ് തീരദേശ നിയമം ലംഘിച്ച് നിർമ്മാണം നടത്തിയതിൻറെ പേരിൽ 2020 ജനുവരി 11,12 തിയതികളിൽ മരടിലെ 4 ഫ്‌ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം, ആൽഫ വെഞ്ചേഴ്സ്, ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ എന്നീ ഫ്ളാറ്റുകളാണ് പൊളിച്ച് നീക്കിയത്.
നിയമം ലംഘിച്ചുള്ള നിർമ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നൽകിയ 62 കോടിയോളം രൂപ ഫ്ളാറ്റ് നിർമ്മാതാക്കളിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാരും കോടതിയെ സമീപിച്ചിരുന്നു.