റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമിയുടെ തിരോധാനം; കേസ് ബ്രാഞ്ചിന് വിട്ട് ഉത്തരവ്, സിബിഐക്ക് കൈമാറിയില്ല

Update: 2024-09-07 04:51 GMT

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് സിബിഐക്ക് കൈമാറാതെ സംസ്ഥാന സർക്കാർ. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ട് ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകി. സിബിഐക്ക് വിടണമെന്ന് കുടുംബവും കേസന്വേഷിച്ച പൊലീസ് സംഘവും ശുപാർശ ചെയ്‌തെങ്കിലും ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെയെന്നാണ് ഡിജിപി കൈക്കൊണ്ട നിലപാട്.

മാമി തിരോധാനക്കേസ് സിബിഐക്ക് കൈമാറണമെന്ന റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് നൽകിയിരുന്നു. കേസ് അട്ടിമറിച്ചെന്നും തുടക്കം മുതൽ പൊലീസ് അലംഭാവം കാട്ടിയെന്നും കുടുംബം കുറ്റപ്പെടുത്തിയിരുന്നു. തിരോധാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ ബന്ധപ്പെടുത്തിയുള്ള ഗുരുതര ആരോപണം പിവി അൻവർ എംഎൽഎ ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. കേസ് സിബിഐക്ക് കൈമാറാമെന്ന റിപ്പോർട്ട് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഡിജിപിക്ക് നൽകിയതെന്നാണ് മലപ്പുറം എസ്പി ശശിധരൻ പ്രതികരിച്ചത്.

കോഴിക്കോട് വലിയ വസ്തു ഇടപാടുകൾ നടത്തിയിരുന്ന ആളാണ് മാമി എന്ന മുഹമ്മദ് ആട്ടൂർ. 2023 ആഗസ്റ്റ് 21 നാണ് ഇദ്ദേഹത്തെ കാണാതായത്. കേരളത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരുമായി ബന്ധമുള്ള മാമി അരയിടത്തുപാലത്തെ ഓഫീസിൽ നിന്നും വീട്ടിലേക്ക് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. നടക്കാവ് പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചിച്ചത്.

Tags:    

Similar News