മഅ്ദനി നാളെ കേരളത്തിലെത്തും; പിതാവിനെ കാണും, ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങൾ പിന്നീട്

Update: 2023-07-19 09:15 GMT

പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നാളെ കേരളത്തിൽ മടങ്ങിയെത്തും. ബാംഗ്ലൂരില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ പിന്‍വലിച്ച് കേരളത്തില്‍ തുടരാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധി വന്നതിനെ തുടർന്നാണ് നാളെ അദ്ദേഹം കേരളത്തിലെത്തുന്നത്. രാവിലെ ബാംഗ്ലൂരില്‍ നിന്ന് വിമാനമാര്‍ഗ്ഗം തിരുവനനന്തപുരം അന്താരാഷട്ര വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി റോഡ് മാര്‍ഗ്ഗം അന്‍വാര്‍ശ്ശേരിയിലേക്ക് യാത്ര തിരിക്കും. ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയര്‍പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം സ്വീകരിക്കും.

അന്‍വാര്‍ശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി. ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിലും ഇന്‍ഫക്ഷന്‍ സാധ്യത പരിഗണിച്ചും ഏതാനും ദിവസത്തേക്ക് സന്ദര്‍ശനം ഒഴിവാക്കി സഹകരിക്കണമെന്നാണ് പി ഡി പി നേതാക്കളുടെ അഭ്യര്‍ത്ഥന.

2014 ൽ നൽകിയ ജാമ്യത്തിലെ വ്യവസ്ഥയ്ക്കാണ് സുപ്രീം കോടതി ഇളവ് നല്‍കിയത്.ബെംഗളൂരു വിട്ട് പോകരുതെന്ന വ്യവസ്ഥ മാറ്റിയ ജസ്റ്റിസ് എ എസ് ബൊപ്പണ്ണാ, ജസ്റ്റിസ് എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജന്മനാടായ കൊല്ലത്തെ കരുനാഗപ്പള്ളിയിലേക്ക് പോകാൻ അനുവാദം നൽകി. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം. ചികിത്സ ആവശ്യത്തിന് കൊല്ലം ജില്ല വിടാനും അനുവാദമുണ്ട്. എറണാകുളത്തെ ചികിത്സ കണക്കിലെടുത്താണ് കോടതിയുടെ ഈ തീരുമാനം. 

Tags:    

Similar News