ഇടിച്ച് കയറി അറസ്റ്റ് ചെയ്യേണ്ടതില്ലല്ലോ; ഉത്തരവിലെ കോടതിയുടെ പരാമർശങ്ങളും നോക്കും, അതിനുശേഷമാകും അപ്പീൽ: ദിവ്യയുടെ അഭിഭാഷകൻ
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തളളിയ സാഹചര്യത്തിൽ, ഉത്തരവിന്‍റെ പകർപ്പ് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് പിപി ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ. ഏത് സാഹചര്യത്തിലാണ് മുൻകൂർ ജാമ്യഹർജി തളളിയതെന്ന് പരിശോധിക്കും.
ഉത്തരവിലെ കോടതിയുടെ പരാമർശങ്ങളും നോക്കും. അതിനുശേഷമാകും അപ്പീൽ പോകുന്നതിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. ഉച്ചയ്ക്ക് ശേഷം ഉത്തരവിന്‍റെ പകർപ്പ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഡ്വ. കെ വിശ്വൻ വ്യക്തമാക്കി.
പൊതുപ്രവർത്തകയെന്ന നിലയിൽ ഉത്തരവാദിത്തം ചെയ്യുന്നതിന്റെ ഭാഗമായി വന്ന സംഭവത്തിൽ, നിയമപരമായി മുന്നോട്ട് പോയി നിരപരാധിത്തം തെളിയിക്കും. അന്വേഷണത്തിൽ നിന്നും ദിവ്യ ഒളിച്ചോടില്ല. അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകും. ഇത് അവസാനമല്ല. കേസിലെ വസ്തുതകൾ കോടതിക്ക് മുന്നിലെത്തിക്കും. ഇടിച്ച് കയറിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടതില്ലല്ലോ ഒരു സ്ത്രീയല്ലേയെന്നും അഡ്വ. കെ വിശ്വൻ പ്രതികരിച്ചു.