കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; 4 എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

Update: 2024-07-03 06:53 GMT

കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്.

സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെന്‍ഷന്‍. സംഭവത്തില്‍ എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത പൊലീസ് പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എസ്എഫ്ഐ നേതാവ് അഭിനവിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തൻ്റെ കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിക്കുന്നത്. അതേസമയം, കൊയിലാണ്ടി ഗുരുദേവാ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ രംഗത്തെത്തി. 

Tags:    

Similar News