കിളികൊല്ലൂർ കേസ്; തെളിവില്ല, മർദ്ദിച്ചത് ആരാണെന്നറിയില്ലെന്ന് കമ്മീഷണറുടെ റിപ്പോർട്ട്
കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്. സൈനികൻ വിഷ്ണുവിനും സഹോദരനും വിഘ്‌നേഷിനും മർദ്ദനമേറ്റത് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദ്ദിച്ചതാരാണെന്നതിൽ വ്യക്തയില്ലെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശങ്ങളുള്ളത്. പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന് സഹോദരങ്ങൾ മൊഴി നൽകിയെങ്കിലും തെളിവുകളില്ല. സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവർക്കും മർദ്ദനമേറ്റെന്ന പൊലീസ് വാദത്തിനും തെളിവില്ല. സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ടിലുണ്ട്.
എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷം പേരൂർ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിൻറെ പേരിൽ ഇരുവർക്കുമെതിരെ കള്ളക്കേസും ചമച്ചു. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്‌ഐയെ ആക്രമിക്കുന്നുവെന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയുമായിരുന്നു.