കൊടകര കള്ളപ്പണക്കേസ്; ബിജെപിയിൽ നിന്ന് പോയതാണ് പണം എന്ന് വ്യക്തമായി: പുനരന്വേഷണം വേണമെന്ന് എം.വി ഗോവിന്ദൻ
കൊടകര കള്ളപ്പണക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് സിപിഎം സെക്രട്ടേറിയേറ്റ്. ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് വിലയിരുത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, പുനരന്വേഷണത്തിന് നിയമപരമായ സാധ്യതകൾ തേടാനും തീരുമാനിച്ചു.
വിഷയം ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചർച്ചയാക്കാനുമാണ് സിപിഎം തീരുമാനം. കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ബിജെപി കനത്ത പ്രതിരോധത്തിലാണെന്നും സിപിഎം വിലയിരുത്തുന്നു. അതിനിടെ, കൊടകര കേസിൽ പുനരന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
വിഡി സതീശൻ എടുക്കുന്ന നിലപാട് സിപിഎമ്മും ബിജെപിയും ഡീൽ ആണ് എന്നതാണ്. ഇഡിയെ വെള്ള പൂശുന്ന നിലപാടാണ് വിഡി സതീശൻ എടുക്കുന്നത്. സതീശനാണ് ഈ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ബിജെപിയിൽ നിന്ന് പോയതാണ് പണം എന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ പുനരന്വേഷണം വേണം. സംസ്ഥാനത്തിലും കേന്ദ്രത്തിലും വേണമെന്നും സിബിഐ ബിജെപി എന്ത് തീരുമാനിക്കുന്നു അതുപോലെയാണ് നടപ്പാക്കുകയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.