12 അധിക ട്രിപ്പുകളുമായി കൊച്ചി മെട്രോ

Update: 2024-07-13 05:39 GMT

യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതോടെ അധിക ട്രിപ്പുമായി കൊച്ചി മെട്രോ. ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ഏർപ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു. ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതലായി ഉണ്ടാവും. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്കും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയവും കുറയ്ക്കുകയാണ് ലക്ഷ്യം. 

രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിലാണ് പുതിയ ഷെഡ്യൂൾ വരുന്നത്. ഈ സമയങ്ങളിൽ ഏഴ് മിനിട്ട് ഇടവേളകളിൽ ട്രെയിനുകള്‍ സർവ്വീസ് നടത്തും. 

അതിനിടെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള  കൊച്ചി മെട്രോയുടെ  രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക്  കഴിഞ്ഞയാഴ്ച തുടക്കം കുറിച്ചു. ടെസ്റ്റ് പൈലിങാണ് ആദ്യം നടത്തിയത്. 1957.05 കോടി രൂപയാണ്  കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ പദ്ധതി തുക. 11.2 കി മീ നീളത്തിലുള്ള വയഡക്ട് നിർമ്മാണത്തിനുള്ള കരാർ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനാണ്. 1141.32 കോടി രൂപയാണ് കരാർ തുക. 20 മാസമാണ് പണി പൂർത്തീകരിക്കാനുള്ള കാലാവധി. 11.2 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങളുടെ പണി  20 മാസത്തെ  കാലയളവിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്‌റ, പ്രൊജക്റ്റ് ഡയറക്ടർ ഡോ എം പി രാംനവാസ്, സിസ്റ്റം ഡയറക്ടർ  സഞ്ജയ് കുമാർ, ഫിനാൻസ് ഡയറക്ടർ അന്നപൂർണ്ണി, എക്സിക്യൂട്ടീവ് ഡയറക്ടർ പ്ലാനിംഗ് ആൻഡ് പ്രോജെക്ടസ് വിനു സി കോശി, കൊച്ചി മെട്രോ എൻജിനീയർമാർ, ഉദ്യോഗസ്ഥർ, ജനറൽ കൺസൾട്ടന്റ് സിസ്ട്രയുടെ ഉദ്യോഗസ്ഥർ,അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. 

Tags:    

Similar News