കേരളത്തിൽ 10 ജില്ലകളിൽ മഞ്ഞ അലർട്ട്, നാല് ജില്ലകളിൽ ലഭിച്ചത് റെക്കോർഡ് മഴ
ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിൽ വ്യാപകമായ മഴ സാധ്യത. പത്തുജില്ലകളിൽ മഞ്ഞ അലർട്ട് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്.
വരും മണിക്കൂറുകളിൽ പത്തനംതിട്ട, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലഭിക്കുന്ന മഴയുടെ തോതിൽ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകൾ മുന്നിട്ട് നിൽക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. മറ്റു ജില്ലകളിൽ ലഭിക്കേണ്ട മഴയുടെ തോത് കുറവാണ്. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നതെന്നും നിരീക്ഷകർ പറഞ്ഞു.