കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ പാസ് നിരക്ക് 1000 രൂപയില്‍ നിന്നും 1200 രൂപയാകും.18% ആണ് ജിഎസ്ടി നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള നിരക്ക് 500 രൂപയില്‍ നിന്നും 600 രൂപയാകും. എല്ലാ ചലച്ചിത്രമേളയ്ക്കും ജിഎസ്ടി വരുമെന്നാണു സൂചന. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റ് പാസിനു ജിഎസ്ടി ചുമത്തുന്നുണ്ട്.
ഓഗസ്റ്റില്‍ നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. ഓഡിറ്റിങ്ങിനെ തുടര്‍ന്നുള്ള നിര്‍ദേശ പ്രകാരമാണ് ജിഎസ്ടി ഈടാക്കുന്നതെന്നും നിയമപരമായ കാര്യമാണിതെന്നും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി അറിയിച്ചു.
ഇതുവരെ കേരള ചലച്ചിത്ര മേളയ്‌ക്ക് ജിഎസ്ടി ഈടാക്കിയിരുന്നില്ല. എന്തുകൊണ്ടാണ് ജിഎസ്ടി അടയ്ക്കാത്തതെന്ന് ചോദിച്ചും ഇതുവരെയുള്ള കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടും ചലച്ചിത്ര അക്കാദമിക്ക് രണ്ട് നോട്ടിസ് ലഭിച്ചു. ഇതിന് അക്കാദമി വിശദീകരണം നല്‍കിയെങ്കിലും ജിഎസ്ടി വകുപ്പ് അംഗീകരിച്ചിട്ടില്ല. സംസ്കാരിക പരിപാടി ആയതിനാല്‍ ജിഎസ്ടി ഈടാക്കിയില്ലെന്നായിരുന്നു അക്കാദമിയുടെ വിശദീകരണം.
അക്കാദമി നടത്തുന്ന പ്രാദേശിക ചലച്ചിത്രമേളകളില്‍ 150 രൂപ മുതല്‍ 500 രൂപ വരെയാണ് ഡെലിഗേറ്റ് ഫീസ് ഈടാക്കുന്നത്. ജിഎസ്ടി ചുമത്തുന്നതോടെ ഇതിലും വര്‍ധനവുണ്ടാകും. അക്കാദമി പ്രസിദ്ധീകരിക്കുന്ന ചലച്ചിത്ര സമീക്ഷ മാസികയുടെയും വില കൂട്ടും.