ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ വീഴ്ച; ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കലക്ടർ രേണുരാജ്

Update: 2023-03-08 10:13 GMT

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, എറണാകുളം ജില്ലാ കലക്ടർ ഡോ.രേണുരാജ് നേരിട്ട് കോടതിയിൽ ഹാജരായി. ഇന്നു ഹാജരാകണമെന്ന് കലക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.45നു തന്നെ കലക്ടർ ഹൈക്കോടതിയിലെത്തി. കലക്ടറെ വയനാട്ടിലേക്കു സ്ഥലം മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.

അതേസമയം, ഇന്നലെ ഉച്ചയ്ക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും കലക്ടർ എത്തിയിരുന്നില്ല. ഇതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കലക്ടർ ഇന്ന് കോടതിയിലെത്തിയത്. ജില്ലാ കലക്ടർക്കൊപ്പം കോർപ്പറേഷൻ സെക്രട്ടറിയും കോടതിയിലെത്തി. അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈനിലും ഹാജരായി.

പ്രഥമ പരിഗണന പൊതുജന താൽപര്യത്തിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തെ മുഴുവൻ ഒരു നഗരമായാണ് കാണുന്നത്. ഈ നഗരത്തിൽ മാലിന്യം കുമിഞ്ഞു കൂടാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം, മാലിന്യ പ്ലാന്റിനു തീപിടിച്ച സംഭവത്തിൽ സർക്കാർ ഉന്നതതല യോഗം വിളിച്ചതായി എജി ഹൈക്കോടതിയെ അറിയിച്ചു. മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുക്കും.

Tags:    

Similar News