കലാപ ഭൂമിയായ മണിപ്പൂരിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾക്ക് പഠന സൌകര്യം ഒരുക്കി കേരളം
മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാര്‍ഢ്യമായി ആ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. കണ്ണൂര്‍ സര്‍വ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും, ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറല്‍ ഗവേഷണത്തിലും ഉള്‍പ്പെടെ 46 മണിപ്പൂരി വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും സര്‍വ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിലുമായി പ്രവേശനം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു
പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം ക്യാമ്പസുകളിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. വിവിധ യുജി, പിജി പ്രോഗ്രാമുകളില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ, മാനന്തവാടി മേരി മാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പിലാത്തറ സെന്‍റ് ജോസഫ് കോളേജ്, കാസര്‍ഗോഡ് മുന്നാട് പീപ്പിള്‍സ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ് കില ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാപനാളുകളില്‍ സര്‍ട്ടിഫിക്കറ്റുകളടക്കം നഷ്ടപ്പെട്ടവര്‍ക്കാണ് കേരളത്തിന്‍റെ മതനിരപേക്ഷ മണ്ണ് പഠനാശ്രയം ഒരുക്കിയത്. അവിടുത്തെ വിവിധ സര്‍വ്വകലാശാലകളുമായി ചര്‍ച്ച നടത്തി. സര്‍ട്ടിഫിക്കറ്റുകള്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് സമര്‍പ്പിക്കാനാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം നല്‍കിയിരിക്കുന്നത്.