'മുൻ വർഷങ്ങളിൽ പ്രിൻറ് ചെയ്ത പുസ്തകം'; ശബരിമലയിലെ വിവാദ നിർദേശം പിൻവലിച്ചു

Update: 2022-11-17 07:48 GMT

ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി പൊലീസുകാർക്ക് നൽകിയ പൊതുനിർദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം വിവാദമായതോടെ പിൻവലിച്ചു. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന നിർദ്ദേശം വിവാദമായതോടെയാണ് കൈപുസ്തകം പിൻവലിച്ചത്. മുൻ വർഷങ്ങളിൽ പ്രിന്റ് ചെയ്ത പുസ്തകം കൊടുത്തതിനാലാണ് തെറ്റ് പറ്റിയതെന്നാണ് എഡിജിപി എം ആർ അജിത്കുമാർ നൽകിയ വിശദീകരണം. നിർദ്ദേശങ്ങളിൽ കുറെ അധികം തെറ്റുകളുണ്ടായെന്നും എല്ലാം തിരുത്തി പുതിയ നിർദ്ദേശങ്ങൾ കൊടുക്കുമെന്നും എഡിജിപി അറിയിച്ചു. സർക്കാരിനും ദേവസ്വം ബോർഡിനും ദുരുദ്ദേശമില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും വിശദീകരിച്ചു.

സുപ്രീംകോടതി വിധിപ്രകാരം എല്ലാ തീർത്ഥാടകർക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പരാമർശമാണ് വിവാദങ്ങൾക്കിടയാക്കിയത്. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരാമർശത്തിനെതിരെ രംഗത്ത് വന്നിരുന്നു. വിശ്വാസികൾ ഒരിക്കൽ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിർന്നാൽ പഴയതൊന്നും ഓർമ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. പിന്നാലെയാണ് സർക്കാർ വിശദീകരണമുണ്ടായത്. സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിൽ അന്തിമ തീരുമാനം വരുന്നത് വരെ മുൻപ് ഉണ്ടായ അതേ രീതിയിൽ പ്രവേശനം തുടരുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

Tags:    

Similar News