സര്‍ക്കാര്‍ സ്ഥാപനങ്ങളിലും റെയില്‍വേയിലും സൈന്യത്തിലുമുള്‍പ്പെടെ ജോലിത്തട്ടിപ്പുകള്‍ കൂടുകയാണ്. പി.എസ്.സിയോ റിക്രൂട്ട്മെന്റ് ബോര്‍ഡുകളോ വഴിയല്ലാതെ സര്‍ക്കാര്‍ ജോലി കിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മറന്നാണ് തട്ടിപ്പിന്റെ കുരുക്കില്‍ തലവയ്ക്കുന്നത്.
കേന്ദ്രസ്ഥാപനങ്ങളുടെ പേരില്‍ വ്യാജനിയമനക്കത്തുകള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടുന്നവരുണ്ട്. മന്ത്രിമാരുടെയും സ്പീക്കറുടെയുമൊക്കെ ബന്ധുക്കളായും സ്റ്റാഫുകളായും ചമഞ്ഞും യുവാക്കളെ കെണിയിലാക്കുന്നു. ട്രാവൻകൂര്‍ ടൈറ്റാനിയത്തില്‍ 15 കോടിയുടെ ജോലിത്തട്ടിപ്പാണ് അടുത്തിടെയുണ്ടായത്.
പി.എസ്.സിയുടെ വ്യാജകത്തുണ്ടാക്കി 'സര്‍ട്ടിഫിക്കറ്റ് പരിശോധന"യ്ക്ക് അയയ്ക്കുന്നവരുമുണ്ട്. തട്ടിപ്പിന്റെ 'അവസാനഗഡു" വാങ്ങിയെടുക്കാനാണിത്. പൊലീസ്, സൈനിക യൂണിഫോം ധരിച്ച ഫോട്ടോകള്‍ കാട്ടിയും വാട്സാപ്പില്‍ 'അഭിമുഖം" നടത്തിയുമൊക്കെ തട്ടിപ്പുകാര്‍ വിലസുകയാണ്. റെയില്‍വേ ജോലിക്കെന്ന പേരില്‍ 17ലക്ഷം വീതം തട്ടിയെടുത്ത് യുവാക്കളെ ചെന്നൈയിലെത്തിച്ച് 'വ്യാജമെഡിക്കല്‍" പരിശോധന നടത്തി.
തട്ടിപ്പ് പലവിധം
സെക്രട്ടേറിയറ്റില്‍ ജോലി ആവശ്യമുള്ളവര്‍ക്കായി വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയാണ് തൃശൂര്‍ സ്വദേശി രശ്മി ലക്ഷങ്ങള്‍ തട്ടിയത്
മന്ത്രി ബാലഗോപാലിന്റെ ബന്ധു ചമഞ്ഞ് സെക്രട്ടേറിയറ്റിലെ ജോലിക്കെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയത് രണ്ടംഗസംഘം
എറണാകുളം കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനിരയായ യുവതിയുടെ പരാതിയില്‍ അറസ്റ്റിലായത് 27കാരൻ
റെയില്‍വേയില്‍ ക്ലര്‍ക്ക്, ജൂനിയര്‍ എൻജിനിയര്‍ ജോലിക്കെന്ന പേരില്‍ ഒന്നരക്കോടി തട്ടിയത് തിരുവനന്തപുരം സ്വദേശി
സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത്, പട്ടാള വേഷത്തിലെത്തി 2പേരില്‍ നിന്ന് 8ലക്ഷം തട്ടിയത് ആലപ്പുഴയിലെ 24കാരി
കേരളബാങ്കില്‍ ക്ലാര്‍ക്ക് ജോലിവാഗ്ദാനം ചെയ്ത് 7ലക്ഷം വീതം തട്ടിയത് പാലക്കാട്ടെ സി.പി.എം നേതാക്കളുടെ പേര് പറഞ്ഞ്
കൊച്ചി നഗരസഭയില്‍ സൂപ്പര്‍വൈസര്‍ ആക്കാമെന്ന ഉറപ്പില്‍ പണം തട്ടിയത് ഡെപ്യൂട്ടിമേയറുടെ പി.എ എന്ന് തെറ്റിദ്ധരിപ്പിച്ച്
അസി. വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ജോലി വാഗ്‌ദാനത്തില്‍ 5.75 ലക്ഷം തട്ടിയത് നേരത്തേ ഇതേപരീക്ഷയില്‍ തോറ്റയാള്‍
ബിവറേജസില്‍ ജോലിക്ക് നാലരലക്ഷം, മില്‍മയില്‍ മൂന്നുലക്ഷം വാങ്ങി തട്ടിച്ചവര്‍ ഔഷധിയുടെ പേരിലും തട്ടിപ്പുനടത്തി
മണിചെയിൻ വഴിയും
സര്‍ക്കാര്‍ ജോലിക്കായി മണിചെയിൻ മാതൃകയില്‍ ആളെക്കൂട്ടി രണ്ടു സ്ത്രീകള്‍ തട്ടിയെടുത്തത് ഒരു കോടിയിലേറെയാണ്. സെക്രട്ടേറിയറ്റില്‍ കൂടുതല്‍ ഒഴിവുകളുണ്ടെന്നും കൂടുതല്‍ പേരെ കൊണ്ടുവന്നാല്‍ നല്‍കേണ്ട പണത്തില്‍ ഇളവു കിട്ടുമെന്നും പറഞ്ഞ് നിരവധിപേരെ കബളിപ്പിച്ചു. 2 മുതല്‍ 4.5ലക്ഷം വരെയാണ് വാങ്ങിയത്.
ജോലി ട്രെയിൻ എണ്ണല്‍
റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകളുടെ എണ്ണമെടുക്കുന്ന ജോലിക്കെന്ന വ്യാജേന 2.67കോടിയുടെ തട്ടിപ്പ് നടന്നത് അടുത്തിടെയാണ്. തമിഴ് യുവാക്കളായിരുന്നു ഇരകള്‍. 24 ലക്ഷം വച്ച് നല്‍കിയവരില്‍ ബി.ടെക്കുകാരാണേറെയും. ടി.ടി.ഇ, ട്രാഫിക് അസിസ്റ്റന്റ് ജോലിക്കുള്ള പരിശീലനമാണ് ട്രെയിനെണ്ണല്‍ എന്നായിരുന്നു വിശ്വസിപ്പിച്ചത്.