'ആർഎസ്‌എസ് നിരോധനവും ഗുജറാത്ത് കലാപവും പഠിപ്പിക്കും': കേരളത്തിൽ ചരിത്രം മാറില്ല
കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയ ചരിത്ര പാഠഭാഗങ്ങളടക്കം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് കേരളം. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ എസ്‌സിഇആർടി പ്രത്യേക പാഠപുസ്തകങ്ങൾ തയാറാക്കും. മുഗൾ ചരിത്രം, ഗുജറാത്ത് കലാപം എന്നിവ പഠിപ്പിക്കും. സംസ്ഥാന കരിക്കുലം കമ്മിറ്റി യോഗത്തിലാണു തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.
പാഠപുസ്തകത്തിൽനിന്ന് സ്വാതന്ത്ര്യസമര സേനാനികൾ, ഗുജറാത്ത് കലാപം, ആർഎസ്‌എസിന്റെ നിരോധനം എന്നിവ ഒഴിവാക്കിയതിനെതിരെ കരിക്കുലം കമ്മിറ്റിയിൽ വിമർശനം ഉയർന്നു. പതിനൊന്നാം ക്ലാസിലെ രാഷ്ട്രതന്ത്ര പുസ്തകത്തിൽനിന്നു മൗലാന അബ്ദുൽ കലാം ആസാദിന്റെ പേര് ഒഴിവാക്കിയിരുന്നു. മുഗൾ ഭരണകാലം, ഗാന്ധി വധം, ഗുജറാത്ത് കലാപം എന്നിവ സംബന്ധിച്ച പാഠഭാഗങ്ങൾ ഒഴിവാക്കിയതും വിവാദമായി.
സപ്ലിമെന്ററി പാഠപുസ്തകം എസ്‌സിഇആർടിയില്‍ ഇറക്കാനാണ് കരിക്കുലം കമ്മിറ്റിയുടെ തീരുമാനം. സിലബസ് പരിഷ്കരണമെന്ന വാദത്തോടെയാണ് 6 മുതല്‍ 12–ാം ക്ലാസ് വരെയുള്ള പാഠഭാഗങ്ങളിൽ തിരുത്തൽ വരുത്തിയത്. ആര്‍എസ്എസ് നിരോധനം, ജാതിവ്യവസ്ഥ, സാമൂഹിക പ്രസ്ഥാനങ്ങൾ തുടങ്ങിയ പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അംഗീകരിക്കില്ലെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.