പെരുവഴിയിലായപ്പോൾ കൈ തന്നത് പിണറായി സർക്കാർ; കേരള കോൺഗ്രസ് എം ഇടത് സർക്കാരോടൊപ്പം ഉറച്ചുനിൽക്കും; മാത്യു കുഴൽനാടന് മറുപടിയുമായി റോഷി അഗസ്റ്റിൻ
കേരള കോൺഗ്രസിനെ ക്ഷണിച്ച മാത്യു കുഴൽനാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. പെരുവഴിയിലായ കേരള കോൺഗ്രസിന് കൈ തന്നത് പിണറായി സർക്കാരാണെന്നും കേരള കോൺഗ്രസ് എം ഇടത് സർക്കാരോടൊപ്പം ഉറച്ചുനിൽക്കുമെന്നും റോഷി അഗസ്റ്റിൻ നിയമസഭയിൽ മറുപടി നൽകി.
''38- 40 വർഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പരാജയത്തിലും വിജയത്തിലും കേരളാ കോൺഗ്രസ് എം നിങ്ങൾക്ക് (യുഡിഎഫ്) ഒപ്പം നിന്നു. ഒരു സുപ്രഭാതത്തിൽ ഞങ്ങളെ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് താഴെയിറക്കി. പിണറായി സർക്കാർ ഞങ്ങളെ ഒപ്പം ചേർത്തു. ആ സർക്കാർ മലയോരമേഖലയിലെ കർഷകരെ സംരക്ഷിക്കുന്നതിൽ 100% ശ്രമം നടത്തി.
മലയോര മേഖലയിലെ പ്രശ്നങ്ങൾ എല്ലാം ഈ സർക്കാർ പരിഹരിക്കും. എവിടെ പ്രശ്നമുണ്ടെങ്കിലും പരിഹരിക്കും. സർക്കാരിനൊപ്പം കേരള കോൺഗ്രസ് ഉറച്ചുനിൽക്കും. കേരള കോൺഗ്രസ് മുന്നണി മാറ്റത്തിനില്ല. മലയോര കർഷകർക്ക് ഒപ്പമുളള പിണറായി സർക്കാരിനൊപ്പമാണെന്നും'' റോഷി അഗസ്റ്റിൻ മറപടി നൽകി.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര ജാഥയിൽ പങ്കെടുക്കാൻ നിയമസഭയിൽ വെച്ചാണ് മാത്യു കുഴൽനാടൻ എംഎൽഎ കേരളാ കോൺഗ്രസിനെ ക്ഷണിച്ചത്. കേരള കോൺഗ്രസ് രാഷ്ട്രീയ പ്രായശ്ചിത്തത്തിന് തയ്യാറാകണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ വാക്കുകൾ. മറുപടി നൽകിയ മന്ത്രി റോഷി അഗസ്റ്റിൻ, ക്ഷണം നിരസിക്കുകയും മലയോര കർഷകർക്ക് ഒപ്പം നിൽക്കുന്ന പിണറായി സർക്കാരിനൊപ്പം കേരള കോൺഗ്രസ് എം ഉറച്ച് നിൽക്കുമെന്നും വ്യക്തമാക്കി.