പൗരത്വ ഭേദഗതി നിയമം റദ്ദാക്കണം; നിയമപോരാട്ടം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

Update: 2024-03-13 10:31 GMT

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്താൻ സംസ്ഥാനമന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഏത് രൂപത്തിൽ ആവശ്യപ്പെടണമെന്ന് അഭിഭാഷകരുമായി ആലോചിക്കും.

മുൻപ് സിഎഎക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നു. മുതിർന്ന അഭിഭാഷകരുമായി എജി ഇന്ന് ചർച്ച നടത്തുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. നിയമം തന്നെ ഭരണഘടന വിരുദ്ധമെന്നാകും കേരളം സുപ്രീംകോടതിയിൽ‌ ചൂണ്ടിക്കാട്ടുക. സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അഭിഭാഷകരുമായുള്ള ചർച്ചകൾക്കായി എജി ഡൽഹിയിലാണുള്ളത്. 

സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്നാണ് അദ്ദേഹം പറഞ്ഞത്. പൗരത്വ ഭേദ​ഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്. ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ഇന്നലെ ഹർജി സമർപ്പിച്ചിരുന്നു. 

 

Tags:    

Similar News