സുനിൽ ബാബു കൊലപാതകം: കാരി ബിനുവിന് ജാമ്യം നൽകരുത്, സംസ്ഥാനം സുപ്രീം കോടതിയിൽ
ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതി കാരി ബിനുവിന് ജാമ്യം നൽകരുതെന്ന് സംസ്ഥാനം സുപ്രിം കോടതിയിൽ. ഗുണ്ടാ ലിസ്റ്റിൽപ്പെട്ട വ്യക്തിയാണെന്നും പത്തിലധികം കേസുകൾ നിലവിലുണ്ടെന്നും സംസ്ഥാനം സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പുറത്തിറങ്ങിയാൽ സമാനമായ കുറ്റകൃത്യങ്ങൾ ഇയാൾ ആവർത്തിക്കുമെന്നും സംസ്ഥാനം അറിയിച്ചു. ശിക്ഷ ഇളവ് തേടി ബിനു സമർപ്പിച്ച ഹർജിയിലാണ് മറുപടി. 2015 ലാണ് സി ഐ ടി യു നേതാവായ സുനിൽ ബാബുവിനെ കാരി ബിനു കൊലപ്പെടുത്തിയത്.
സുനിൽ ബാബു കൊലപാതക കേസിലെ അഞ്ചാം പ്രതിയാണ് കാരി ബിനു. ഇയാൾക്കെതിരെ ഗൂഢാലോചനാ കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന് ബിനുവിനായി ഹാജരായ സീനിയർ അഭിഭാഷകൻ രാജേഷ് പാണ്ഡേ, അഭിഭാഷകരായ എം.കെ. അശ്വതി, മനോജ് സെൽവരാജ് എന്നിവർ നേരത്തെ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. അതിനാൽ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സർക്കാരിൻറെ നിലപാട് തേടി കോടതി നോട്ടീസ് അയച്ചത്.