തിരുവനന്തപുരം കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിലായി. പ്രതികളിലൊരാളായ സുനിലിന്‍റെ സുഹൃത്ത് പ്രദീപ് ചന്ദ്രനാണ് പിടിയിലായിരിക്കുന്നത്. മുഖ്യപ്രതി അമ്പിളിയെ കാറിൽ കൊണ്ടുവിട്ടത് താനും സുനിലുമാണെന്ന് തിരുവനന്തപുരം നേമം സ്വദേശി പ്രദീപ് ചന്ദ്രൻ പോലീസിനോട് സമ്മതിച്ചു.
കേസിൽ മൂന്ന് പ്രതികൾ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കൊല നടത്തിയ അമ്പിളി, സുഹൃത്തും സർജിക്കൽ ഷോപ്പ് ഉടമയുമായ പാറശ്ശാല സ്വദേശി സുനിൽ, സുനിലിന്റെ കടയിലെ സഹായിയും സുഹൃത്തുമായ പ്രദീപ് ചന്ദ്രൻ എന്നിവരാണ് പ്രതികൾ. ഇന്നലെ വൈകിട്ടാണ് പ്രദീപ് ചന്ദ്രനെ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തുടർന്ന് തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച കട്ടർ ബ്ലേഡ് മറ്റൊരു കടയിൽ നിന്നും വാങ്ങിയതാണെന്നും പ്രദീപ് മൊഴി നൽകിയിട്ടുണ്ട്. പണം തട്ടാനായി ദീപുവിനെ അപായപ്പെടുത്താൻ സുനിലും പ്രദീപുമായി ഗൂഢാലോചന നടത്തിയെന്നാണ് അമ്പിളി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ദീപു പണവുമായി തമിഴ്നാട്ടിലേക്ക് പോകുന്ന കാര്യം ഒരു മദ്യപാന സദസ്സിൽ വെച്ചാണ് അമ്പിളി സുനിലിനോടും പ്രദീപിനോടും പറഞ്ഞത്. തുടർന്ന് കൃത്യം നടത്തിയ ദിവസം ഇരുവരും ചേർന്ന് കാറിൽ അമ്പിളിയെ കളിയിക്കാവിളയിൽ എത്തിക്കുകയായിരുന്നു. ഇരുവരുടെയും നിർദേശപ്രകാരമാണോ അമ്പിളി കൊല നടത്തിയതെന്ന സംശയവും പോലീസിനുണ്ട്.