കളമശ്ശേരി സ്‌ഫോടനക്കേസ്: പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കി

Update: 2024-10-28 04:43 GMT

കളമശ്ശേരി യഹോവ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന് മേല്‍ ചുമത്തിയിരുന്ന യുഎപിഎ കേസ് ഒഴിവാക്കി. സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ് സംഘം, യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. എന്നാല്‍ യുഎപിഎ കമ്മിറ്റി പ്രതിക്കെതിരെ യുഎപിഎ വകുപ്പ് ചുമത്താനുള്ള നീക്കം തള്ളുകയായിരുന്നു. യുഎപിഎ വകുപ്പിനെതിരെയുള്ള ഇടതുപാര്‍ട്ടികളുടെ നയവും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. കളമശ്ശേരി സ്‌ഫോടനത്തില്‍ നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്.

കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30നായിരുന്നു കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. യഹോവ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ എട്ടുപേരാണ് മരിച്ചത്. 52 പേർക്ക് പരിക്കേറ്റിരുന്നു. തമ്മനം ചിലവന്നൂർ വേലിക്കകത്ത് വീട്ടിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് കേസിലെ പ്രതി. യു എ പി എ, സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.

യഹോവ സാക്ഷികൾ തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും തന്റെ നിർദ്ദേശങ്ങൾ തള്ളിക്കള‍ഞ്ഞതിലുമുള്ള പകയാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി മൊഴി നൽകിയിരുന്നത്. ഈ വർഷം ഏപ്രിലിൽ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന്, വിചാരണ നടപടികൾക്കായി കേസ് കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    

Similar News