വടകരയിലെ കാഫിർ വിവാദം; മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ്

Update: 2024-06-17 10:27 GMT

വടകരയിലെ കാഫിർ പ്രയോഗത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് കർശന നടപടി എടുക്കുന്നില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും. വർഗീയ പ്രചാരണത്തിന് പിന്നിൽ സി.പിഎം നേതാക്കൾ ആയിരുന്നു. സംഘപരിവാറിനെ നാണിപ്പിക്കുന്ന പ്രചാരണമാണ് സി.പിഎം നടത്തിയത്. സി.പി.എമ്മിൽ നിന്ന് സംഘപരിവാറിലേക്ക് അധികം ദൂരമില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

വർഗീയ പ്രചരണം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചത് സി.പി.എമ്മിന്റെ മുതിർന്ന നേതാക്കാൾ തന്നെയാണ്. ഹീനമായ വർഗീയ പ്രചരണം നടത്തിയവർ എത്ര ഉന്നതരായിരുന്നാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. താത്ക്കാലിക ലാഭത്തിന് വേണ്ടി പുറത്തെടുത്ത തന്ത്രം സമൂഹത്തിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കുമെന്ന് മുതിർന്ന സി.പി.എം നേതാക്കൾ പോലും മറന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കാഫിർ പോസ്റ്റ് വ്യാജമാണെന്ന് അറിഞ്ഞിട്ടും പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി മുൻ എം.എൽ.എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ ലതികക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡി.ജി.പിയ്ക്ക് പരാതി നൽകി്. 153A മതസ്പർധ വളർത്തൽ, ഐ.ടി ആക്ട് 295A പ്രകാരവും കേസെടുക്കണമെന്നാണാവശ്യം.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് വടകരയിൽ വിവാദമായ കാഫിർ പരാമർശ പോസ്റ്റ് കെ.കെ.ലതിക പിൻവലിച്ചത്. പിന്നാലെ അവർ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു. വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത കെ.കെ ലതികക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെകെ ലതിക ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. 'എന്തൊരു വർഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനിൽക്കണ്ടെ. ഇത്ര കടുത്ത വർഗീയത പ്രചരിപ്പിക്കരുത്'- എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്.

യൂത്ത് ലീഗ് പ്രവർത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്. പോസ്റ്റ് നിർമിച്ചതിൽ കാസിമിന് പങ്കില്ലെന്ന് കാണിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് കെ.കെ ലതിക പോസ്റ്റ് പിൻവലിച്ചത്.

Tags:    

Similar News