തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സര്‍ക്കാരിനില്ല ; കെ സുധാകരൻ
തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സര്‍ക്കാരിനില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്ത സര്‍ക്കാരിനെ എങ്ങനെ ഇടതുപക്ഷ സര്‍ക്കാരെന്ന് വിളിക്കാന്‍ കഴിയും. പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിന് പുല്ലുവിലയാണ് സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ പകുതി നല്‍കുകയും രണ്ടാം ഗഡു ഇനിയും നല്‍കിയിട്ടുമില്ല. സര്‍ക്കാരിന്റെ അലംഭാവം കൊണ്ട് ദുരിതത്തിലാകുന്നത് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ്. രണ്ട് മാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ കുടിശ്ശികയാണ്. മരുന്നും മറ്റും വാങ്ങാന്‍ കാശില്ലാതെ പെന്‍ഷന്‍കാരില്‍ പലരും നരകയാതനയാണ് അനുഭവിക്കുന്നത്. ഇതൊന്നും കാണാനും കേള്‍ക്കാനും തയ്യാറാകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് സാധരണക്കാരായ നികുതിദായകരുടെ 30 കോടിയെടുത്ത് ആര്‍ഭാടത്തോടെ കെഎസ്ആര്‍ടിസി ബസിലേറി ജനസദസ്സിന് പുറപ്പെടാന്‍ തയ്യാറാടെക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.
ഖജനാവില്‍ നിന്നും കോടികള്‍ ധൂര്‍ത്തിനും അനാവശ്യ പാഴ്‌ചെലവിനുമായി പൊടിക്കുമ്പോഴാണ് പണിയെടുത്ത കൂലിയും ആനുകൂല്യത്തിനുമായി കെഎസ്ആര്‍ടിസി തൊഴിലാളികളും പെന്‍ഷന്‍കാരും നിരന്തരം സമരം ചെയ്യേണ്ടി വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇരട്ടിയാക്കുകയും ഷെഡ്യൂളുകള്‍ നേരത്തതിനേക്കാള്‍ പകുതിയായി കുറച്ചതുമല്ലാതെ എന്തുനല്ലകാര്യമാണ് അവര്‍ക്കുവേണ്ടി ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുതിയ ബസുകള്‍ ഇറക്കാത്തതിനാല്‍ കെഎസ്ആര്‍ടിസിക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ പലതും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. കെഎസ്ആര്‍ടിസിയെ തഴയുന്ന സര്‍ക്കാര്‍ സ്വിഫ്റ്റിന് അധിക പ്രാധാന്യം നല്‍കുകയാണ്.
കെഎസ്ആര്‍ടിസിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സ്വിഫ്റ്റ് കമ്പനിക്ക് ബസുകള്‍ വാങ്ങുന്നത്. ഇന്ധനം, മെയിന്റനന്‍സ് ഉള്‍പ്പെടെ എല്ലാത്തിനും സ്വിഫ്റ്റ് ആശ്രയിക്കുന്നത് കെഎസ്ആര്‍ടിസിയെയാണ്. ജീവനക്കാരെയും ഷെഡ്യൂകളും കുറച്ചും പുതിയ ബസുകള്‍ ഇറക്കാതെയും കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ സ്വിഫ്റ്റ് കമ്പനിയിലേക്ക് സിപിഎം അനുഭാവികളെ താല്‍ക്കാലിക വേതനാടിസ്ഥാനത്തില്‍ പിന്‍വാതില്‍ നിയമനം നടത്തുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
നഷ്ടങ്ങളുടെ കണക്ക് നിരത്തി ജീവനക്കാരെ തുടര്‍ച്ചയായി പറ്റിക്കുകയാണ് സര്‍ക്കാര്‍. കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 220 കോടിയോളം വരുമാനമുണ്ട്. ജീവനക്കാരുടെ ശമ്പളത്തിന് 70 കോടിയും ഇന്ധനച്ചെലവിനും മറ്റുമായി 100 കോടിയും ലോണ്‍ തിരിച്ചടവിന് 30 കോടിയും ചെലവായാലും 20 കോടി രൂപ മിച്ചംവരും. ഇതിന് പുറമെ സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും പ്രതിമാസം ലഭിക്കും. എന്നിട്ടും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനേഴ്‌സിന് പെന്‍ഷനും കൃത്യസമയത്ത് മുടക്കമില്ലാതെ നല്‍കാത്തത് ക്രൂരതയാണ്. ഈ ബോധപൂര്‍വ്വമായ നടപടിക്ക് പിന്നില്‍ തൊഴിലാളികളെ ദ്രോഹിക്കുകയെന്ന രഹസ്യ അജണ്ടയുണ്ട്. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി ശമ്പള പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാരെ കുറയ്ക്കാനുള്ള അണിയറ നീക്കമാണ് നടക്കുന്നത്. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയുടെയും കഴിവിയില്ലായ്മയുടെയും വിഴുപ്പുഭാണ്ഡം തൊഴിലാളികളുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പരിഹാസ്യമാണ്.
കെഎസ്ആര്‍ടിസിയെ എങ്ങനെയും പൂട്ടിക്കെട്ടാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന് വ്യഗ്രത. റൂട്ടുകള്‍ സ്വകാര്യവത്കരിച്ചും പുതിയ ബസുകള്‍ വാങ്ങാതെയും 12 മണിക്കൂര്‍ ഡ്യൂട്ടിപരിഷ്‌കരണത്തിലൂടെയും ആ തകര്‍ച്ച വേഗത്തിലാക്കാനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ആസ്തി മുഴുവന്‍ ദീര്‍ഘകാലത്തെക്ക് പണയപ്പെടുത്തി കൊള്ളയടിക്കാനുള്ള നീക്കം നടക്കുന്നു. ഇവിടത്തെ തൊഴിലാളികളെ വെറും അടിമകളെപ്പോലെയാണ് സര്‍ക്കാരും മാനേജ്‌മെന്റും കാണുന്നത്. ശമ്പള കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കണമെന്ന തൊഴിലാളികളുടെ നിരന്തര ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ഈ അവഗണന അവസാനിപ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പെന്‍ഷനേഴ്‌സിനും അവരുടെ അവകാശമായ ശമ്പളവും പെന്‍ഷനും നല്‍കാന്‍ മാനേജ്‌മെന്റും സര്‍ക്കാരും തയ്യാറാകണം. അതിന് വീഴ്ച്ചവെരുത്താനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭ പരമ്പരകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.