കെ.സുധാകരന്റെ അറസ്റ്റ്: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രതിഷേധം, സംഘർഷം

Update: 2023-06-24 10:07 GMT

കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ പ്രതിഷേധം അരങ്ങേറി. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിനു മുന്നിലെ റോഡ് ഉപരോധിച്ചു. ഇവിടെനിന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ് വാഹനം തടയാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചപ്പോൾ പൊലീസുമായി വാക്കേറ്റമുണ്ടായി. പ്രവീൺ കുമാർ അടക്കമുള്ളവരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

കാസർകോട് കാഞ്ഞങ്ങാട് ഡിസിസി നടത്തിയ മാർച്ചിൽ സംഘർഷം. റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ആണ് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. വനിതാ പ്രവർത്തകയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി. പിന്നീട് നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തമാക്കിയത്. ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ച പ്രവർത്തകർ റോഡിൽ ടയർ പെട്രോൾ ഒഴിച്ചു കത്തിച്ചു. നഗരത്തിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. സമരം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.

Tags:    

Similar News